കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാരോപണം. പത്തുവയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി രണ്ട് മാസമായിട്ടും പൊലീസ് നടപടിയെടുത്തില്ല.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. തൂങ്ങി മരിച്ച കുട്ടിയുടെ ശരീരം നിലത്തു മുട്ടിയായിരുന്നു നിന്നതെന്നും ഇത് മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ല. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നും പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി പതിനഞ്ചിനാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ തിരക്ക് വേണ്ടെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം. വാളയാറിലേതിനു സമാനമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പൊലീസ് വീഴ്ച വാര്‍ത്തയായതിനെ തുടര്‍ന്നാണ് കുണ്ടറയില്‍ ഇന്നലെ തിരക്കുപിടിച്ച് അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ പൊലീസ് തയ്യാറായതെന്നും ആരോപണമുയരുന്നു.
വാളയാര്‍ അട്ടപ്പള്ളത്ത് പതിനൊന്നും ഒമ്പതും വയസ്സ് പ്രായമുള്ള സഹോദരിമാരെയാണ് ഒന്നരമാസത്തിനിടയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. മൂത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം പൊലീസ് നടത്താത്തതാണ് രണ്ടാമത്തെ കുട്ടിയുടേയും മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.
Discussion about this post