ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐഎസ് അനുകൂല സംഘടനയായ അഹ്വാൽ ഉമ്മത്ത് മീഡിയ സെന്റർ താജ്മഹലിനെ ലക്ഷ്യമിടുന്നെന്നാണ് വിവരം. രഹസ്യാന്വേഷണ ഗ്രൂപ്പായ സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്സ് ചിത്രവും ഉമ്മത് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.
ടെലിഗ്രാം ആപ്ലിക്കേഷൻ ചാനലിൽ നിന്നാണ് ചിത്രം ലഭിച്ചിരിക്കുന്നത്. കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാൾ താജ്മഹലിന് നേരെ തിരിഞ്ഞു നിൽക്കുന്നതും താജ്മഹലിന് താഴെ ന്യൂ ടാർജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമാണ് ചിത്രത്തിൽ ഉള്ളത്. ചാവേർ ആക്രമണമാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്. മാർച്ച് 14നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
മാർച്ച് എട്ടിന് ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ ഭീകരവാദിയെന്ന് സംശയിക്കുന്ന സെയ്ഫുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ശേഷം മറ്റൊരു ഐഎസ് അനുകൂല സംഘടനയും ഇന്ത്യ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യക്കാരായ എഴുപതിലേറെ പേർ ഐഎസിൽ ചേർന്നതായാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. ഇതിൽ 45 പേർ ഇന്ത്യയിൽ നിന്ന് നേരിട്ട് പോയതാണ്. ബാക്കിയുള്ളവർ വിദേശത്ത് താമസിക്കുന്നവരാണ്. കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഐഎസിൽ ചേർന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നു എെഎസിൽ ചേരാൻ പോയ 37 പേരെ ഇതുവരെ സുരക്ഷാ ഏജൻസികൾ പിടികൂടിയിട്ടുണ്ട്. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്നവർക്ക് കഴിഞ്ഞ നവംബറിൽ യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം കേരളത്തില്‍ നിന്ന് എെഎസിൽ ചേരാൻ പോയ ഒരാള്‍ അവിടെ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നു.
Discussion about this post