ആലുവ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന തൃക്കരിപ്പൂര്‍ ചന്തേര സ്വദേശിനി നല്‍കിയ പരാതിയില്‍ യുപി സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ എറണാകുളം പുത്തന്‍കുരിശ് സിഐ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുപി മുസാഫിര്‍നഗര്‍ സ്വദേശി അഹലാദിനെ (ഇംറാന്‍-25) അറസ്റ്റ് ചെയ്തത്. യുവാവിനെ വിമാനമാര്‍ഗം കേരളത്തിലേക്കു കൊണ്ടുവന്നിട്ടുണ്ട്.
ഭര്‍ത്താവ് ഐഎസ് തീവ്രവാദികളുമായി ബന്ധമുള്ള ആളാണെന്നു ഭാര്യയാണ് പരാതി നല്‍കിയത്. ഭാര്യയെ ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം ചന്തേരയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുണിക്കച്ചവടക്കാരനായ അഹലാദ് വ്യാപാര ആവശ്യത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നയാളാണ്.
ഒരു ഇടനിലക്കാരന്‍ മുഖേന എട്ടു മാസം മുന്‍പ് തൃക്കരിപ്പൂര്‍ മേഖലയിലെ ഒരു നിര്‍ധന കുടുംബത്തില്‍ നിന്നാണ് യുവാവ് വിവാഹം കഴിച്ചത്.
തുടര്‍ന്ന് ആലുവയില്‍ താമസിക്കുന്നതിനിടെ അഹലാദും ഭാര്യയും തമ്മില്‍ കഴിഞ്ഞ ദിവസം കലഹം നടന്നിരുന്നു. അതിനടുത്ത ദിവസം ഇയാളെ കാണാതായി. തീവ്രവാദബന്ധം പൊലീസില്‍ അറിയിക്കുമെന്നു ഭയന്നാണ് മുങ്ങിയതെന്നാണ് ഭാര്യയുടെ ആരോപണം.
ഭര്‍ത്താവിനൊപ്പം താമസിച്ചു വരുന്നതിനിടെ ഭാര്യ ആലുവ പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഐഎസ് ബന്ധം ആരോപിച്ചത്. തുടര്‍ന്നു പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവാവ് പൊടുന്നനെ മുങ്ങി. തുടര്‍ന്നാണ് യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. അഹലാദിനെതിരായ തീവ്രവാദബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. എന്നാല്‍, ഭാര്യ ഉന്നയിച്ച ആരോപണം ഗൗരവത്തോടെയാണ് കാണുന്നത്. വിവാഹത്തിന് ഇടനിലക്കാരനായി നിന്ന ആള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്.
Discussion about this post