പനജി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ദിഗ് വിജയ് സിങ്. രാഹുല്‍ നിശ്ചയദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നുമാണ് ദിഗ് വിജയ് സിങ് പറഞ്ഞത്. ഗോവയിലെ കോണ്‍ഗ്രസ് വീഴ്ചയില്‍ വിമര്‍ശന ശരങ്ങളേല്ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത് ദിഗ് വിജയ് സിങ്ങ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് പത്രം സംഘടിപ്പിച്ച ഐഡിയ എക്സ്ചേഞ്ച് ഇവന്റില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതിന്റെ അവലോകനങ്ങള്‍ ദേശീയ തലത്തില്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
തന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് മാറേണ്ട സമയമായിരിക്കുന്നുവെന്ന് ദിഗ് വിജയ് സിങ് പറയുന്നു. കോണ്‍ഗ്രസിന് പുതിയ മാര്‍ഗവും രീതിയും റോഡ് മാപ്പും പ്രചരണത്തിന് പുതിയ തന്ത്രങ്ങളും ആവശ്യമാണ്. പുതിയൊരു കോണ്‍ഗ്രസ് നാം കെട്ടിപടുക്കണം. ഇതെല്ലാം ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കു. അദ്ദേഹം തന്നെയാണ് അതിന് ഉചിതമായ വ്യക്തി. രാഹുലിനെ കുറിച്ചുള്ള തന്റെ പരാതി അദ്ദേഹം അവസരത്തിനൊത്ത് ഉയരുന്നില്ല എന്നാണ്. ഇത് രാഹുലിനോട് പറഞ്ഞതുമാണ്. താന്‍ ഇക്കാര്യം രാഹുലിനോട് വീണ്ടും വീണ്ടും പറയുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരികയാണ് പതിവെന്നും ദിഗ് വിജയ് സിങ് പറയുന്നു.
2014-മുതല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടുകയാണ്. ഇതിനൊരു പരിഹാരം കാണാന്‍ സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ദിഗ് വിജയ് സിങ് അഭിപ്രായപെട്ടു. രാജ്യത്ത് മധ്യവര്‍ഗ സമൂഹത്തെ കൂടി കണക്കിലെടുത്തുള്ള വികസന നയം കൂടി കോണ്‍ഗ്രസ് രൂപപെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതെല്ലാം ചെയ്യാന്‍ സാധിക്കുന്ന നേതൃത്വം തന്നെയാണ് നിലവില്‍ കോണ്‍ഗ്രസില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
2014-ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തെ അവലോകനം ചെയ്തുള്ള എ കെ ആന്റണി കമ്മിറ്റി റിപ്പോര്‍ട്ടിലും മാറ്റങ്ങള്‍ വരുത്തണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഭിപ്രായപെട്ടു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന 150 ഓളം നേതാക്കളോട് സംസാരിച്ചാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 2015 ഫെബ്രുവരി 28നാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ കോണ്‍ഗ്രസിനെ രൂപപെടുത്തേണ്ടതായിരുന്നു നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിച്ചില്ല. എന്ന് റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുമെന്ന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ് തീരുമാനിക്കേണ്ടതെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി.
അതേസമയം പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കോണ്‍ഗ്രസ് നേത്യത്വത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
Discussion about this post