ഡല്‍ഹി: പാക്കിസ്ഥാനുമായുളള സൈനിക സഹകരണം വിപുലപ്പെടുത്താന്‍ ചൈന ഊര്‍ജ്ജിത ശ്രമം നടത്തുന്നത് ഇന്ത്യയുടെ അഗ്‌നി 5 ബാലിസ്റ്റിക് മിസൈലിനെ ഭയന്നാണെന്ന് സൂചന. ഇന്ത്യ അടുത്തിടെ കരസ്ഥമാക്കിയ പ്രതിരോധ രംഗത്തെ നേട്ടങ്ങള്‍ ഒട്ടേറെയാണ്. ഇതില്‍ പ്രധാനമാണ് ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ചൈനയില്‍ എവിടെയും ഞൊടിയിടയില്‍ ആക്രമണം സാദ്ധ്യമാക്കുന്ന അഗ്‌നി 5 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിജയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഹുവാ ചുനിംഗ് ബീജിംഗില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ചില ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരത്തിലാണ് ഇത്തരമൊരു വിലയിരുത്തലിനുള്ള ധ്വനി ഒളിപ്പിച്ചുവെച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കരുതെന്ന 1998 ലെ യു.എന്‍ നിര്‍ദ്ദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ‘ഇക്കാര്യം എല്ലാവര്‍ക്കും ബാധകമാണെന്ന്’ ഹുവ മറുപടി പറഞ്ഞത്. കൂടാതെ, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ തരത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന്, അവര്‍ അഗ്‌നി 5 മിസൈലിനെ സംബന്ധിച്ച ചോദ്യത്തിനും മറുപടി നല്‍കി. ഈ പ്രസ്താവനകള്‍ അഗ്‌നി 5ന്റെ പരീക്ഷണ വിജയം ചൈനയ്ക്കും പാക്കിസ്ഥാനും ഒരേ പോലെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. 5000 കിലോമീറ്റര്‍ പരിധിയില്‍ ഏതു ലക്ഷ്യവും ഭേദിക്കാന്‍ കഴിവുള്ളതാണ് അഗ്‌നി 5 മിസൈല്‍.
സാങ്കേതികവിദ്യാ കൈമാറ്റം കൂടാതെ ബാലിസ്റ്റിക് മിസൈലുകളും, ടാങ്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും പാകിസ്ഥാനില്‍ തന്നെ നിര്‍മിക്കാന്‍ ആവശ്യമായ സഹായം നല്‍കാമെന്നാണ്, വ്യാഴാഴ്ച ബീജിംഗിലെത്തിയ പാക് സൈനിക മേധാവി ഖമര്‍ ബാജ്‌വയ്ക്ക് ചൈനീസ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം.
Discussion about this post