പാലക്കാട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെക്കിടി ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കൃഷ്ണദാസിനെ കൂടാതെ ലീഗല്‍ അസോസിയേറ്റ് സൂചിത്ര, പാമ്പാടി നെഹ്‌റു കോളേജിലെ കായിക അധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സുകുമാരന്‍, പി.ആര്‍.ഒ വല്‍സല കുമാരന്‍ എന്നിവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ വെച്ചാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ സഞ്ജിത്ത്, ശ്രീനിവാസന്‍ തുടങ്ങി രണ്ട് പ്രതികളെ കൂടി പിടി കൂടാനുണ്ടെന്ന് എസ്.പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെതിന് സമാനമായ കേസിലാണ് കൃഷ്ണദാസ് അറസ്റ്റിലായത്. കോളേജിലെ അനധികൃത പരിവിനെതിരെ പരാതി നല്‍കിയതാണ് സഹീര്‍ ഷൗക്കത്തലിയെ മാനേജ്‌മെന്റിന് എതിരാക്കിയത്. തുടര്‍ന്ന സഹീറിനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയും എട്ട് മണിക്കൂറോളം പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. റാഗിംഗ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സഹീര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
കേസില്‍ ജാമ്യം തേടി കൃഷ്ണദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു
Discussion about this post