കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കുകയറിന് പുറമേ വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ഒരാള്‍ക്ക് പ്രതി മൂന്ന് ലക്ഷം രൂപയും കവര്‍ച്ച ചെയ്ത 25,000 രൂപയും നല്‍കണമെന്നാണ് വിധി. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്.
കേസില്‍ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ശിക്ഷ വിധിച്ചത്. അന്യസംസ്ഥാനത്തു നിന്നും ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ സംസ്ഥാനത്തേക്ക് വരുന്നത് കൂടിയിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരക്കാര്‍ക്കുള്ള താക്കീതാണ് വിധിയെന്നും നിരീക്ഷിച്ചു. പ്രതി യാതൊരു ദയയും കാട്ടാതെ കൊലപാതക ഉദ്ദേശത്തോടെ തന്നെയാണ് ആക്രമണം നടത്തിയെന്നും കോടതി നിരീക്ഷിച്ചു.
2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന തുണി അലക്കു സ്ഥാപനത്തില്‍ തേയ്പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദര്‍ കുമാര്‍ (30). സ്വന്തം കടബാധ്യതകള്‍ വീട്ടാന്‍ ഇയാള്‍ അര്‍ധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post