കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. 2010-ല്‍ 14കാരനെ കൊലപ്പെടുത്തി എന്നാണ് ഒരു പരാതി. പ്രതിയുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടിയെന്നാണ് വിവരം. കുട്ടിയുടെ അമ്മയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
തന്റെ മകനെ കുണ്ടറ പീഡനക്കേസിലെ പ്രതിയും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാണ് വീട്ടമ്മയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി 2010 ല്‍തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്ന് വീട്ടമ്മ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ഇയാള്‍ ബന്ധുവായ മറ്റൊരു കുട്ടിയേക്കൂടി പീഡിപ്പിച്ചെന്നും പോലീസിനു പരാതി ലഭിച്ചു. ഈ രണ്ടു പരാതികളിന്മേലും പോലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഞായറാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിരുന്നു.
Discussion about this post