തിരുവനന്തപുരം : കേരളത്തിൽ സമീപകാലത്തെങ്ങും തന്നെ ഇത്രയും മോശപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് അല്ല നടന്നത്. പലയിടത്തും ഉദ്യോഗസ്ഥരുടെ അലംഭാവവും അനാസ്ഥയും വ്യക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നാലു മണിക്കൂറോളം നേരം ക്യൂവിൽ നിന്നാണ് പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞത് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
കനത്ത ചൂടിലും പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകളോളം കാത്തുനിന്നു. ഒടുവിൽ ക്ഷമ നശിച്ച ചിലർ തിരികെ പോയി. ആറുമണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാൻ ആകാത്ത സാഹചര്യം പോലും പല സ്ഥലങ്ങളിലും ഉണ്ടായി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മെല്ലെപോക്ക് നയമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ ഈ മെല്ലെ പോക്കാണ് പോളിംഗ് ശതമാനം കുറയാൻ കാരണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ചില ബൂത്തുകളിൽ നാലുമണിക്കൂറോളം വരെ വോട്ടർമാർക്ക് കാത്തു നിൽക്കേണ്ടി വന്നു. വോട്ടിംഗ് കേന്ദ്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബോത്തുകളിൽ പോലും പോളിംഗ് സമയം കൂടുതൽ അനുവദിച്ചു നൽകിയില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ അനാസ്ഥയെ കുറച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Discussion about this post