അടുത്ത സീസണിൽ ഇവാൻ ആശാൻ മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടാകില്ല. പരിശീലകൻ ഇവാൻ വുകമനോവിച്ചിനോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്ലിന്റെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് സെമിയിൽ കടക്കാൻ സാധിച്ചിരുന്നില്ല. പ്ലേ ഓഫിൽ ഒഡീഷയോടാണ് വുകമനോവിച്ചിന്റെ ടീം വീണത്. ഇതിന് പിന്നാലെയാണ് ക്ലബ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പരസ്പര ധാരണയോടെയാണ് വേർപിരിഞ്ഞതെന്ന് കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.
സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച്ച് 2021ലാണ് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണിൽ തന്നെ മഞ്ഞപ്പടയെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ വുകമനോവിച്ചിന് സാധിച്ചിരുന്നു. 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റാണ് ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്.
2022-23 സീസണിൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്കിൽ പ്രതിഷേധിച്ച് ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം പൂർത്തിയാക്കാതെ ടീം അംഗങ്ങൾ സ്റ്റേഡിയം വിടുകയായിരുന്നു. മത്സരം ബഹിഷ്കരിച്ചതിന് കോച്ച് വുകമനോവിച്ച് പിഴയും 10 മത്സരങ്ങളിൽ വിലക്ക് നേരിടുകയും ചെയ്തു.
ഐഎസ്എല്ലിന്റെ ഈ സീസണിൽ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയിരുന്ന കൊമ്പന്മാർക്ക് പിന്നീട് അടി തെറ്റി. പ്രമുഖ താരങ്ങളെയെല്ലാം മാറി മാറി പരിക്കുകൾ വേട്ടയാടിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഹോം മത്സരങ്ങളിലെ ആധിപത്യം എവേ പോരാട്ടങ്ങളിൽ ആവർത്തിക്കാൻ സാധിക്കാത്തത് ഇവാന്റെ കോച്ചിംഗിലെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നു. ഫിനിഷിംഗിലെ പ്രശ്നങ്ങളും മഞ്ഞപ്പടയ്ക്ക് പലപ്പോഴും വിനയായി.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു കോച്ച് ഇവാൻ വുകമനോവിച്ചിന് ഉണ്ടായിരുന്നത്. ഒട്ടും പ്രതീക്കാതെ ഒരു ശരാശരി ടീമിനെ വെച്ച് തന്റെ ആദ്യ സീസണിൽ തന്നെ ഫൈനൽ കളിക്കാനായത് ആരാധകർക്കിടയിൽ വുകമനോവിച്ചിന് പ്രത്യേക സ്ഥാനം നൽകി. ബ്ലാസ്റ്റേഴ്സ് ആരാധകർ സ്നേഹത്തോടെ ഇവാൻ ആശാൻ എന്നാണ് കോച്ചിനെ വിളിച്ചിരുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച നേട്ടവുമായാണ് ഇവാൻ വുകമനോവിച്ച കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ പടിയിറങ്ങുന്നത്.
Discussion about this post