കൊല്ലം: കുണ്ടറയില്‍ പതിനാലുകാരന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷിച്ചതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തി. കുട്ടിയുടെ അമ്മയുടേയും സഹോദരിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയില്ല. ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നുമില്ല. അമ്മയുടേയും സഹോദരിയുടേയും മൊഴി വ്യാഴാഴ്ച വീണ്ടും രേഖപ്പെടുത്തും.
കുണ്ടറ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ സസ്പെന്‍ഷനിലായ സി.ഐയാണ് ഈ കേസും അന്വേഷിച്ചത്. അതിനിടെ, സംഭവത്തില്‍ കുണ്ടറ പീഡനക്കേസിലെ പ്രതിയുടെ മകനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇയാളോട് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഴയ അന്വേഷണസംഘത്തില്‍ നിന്നും വിവരങ്ങള്‍ തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.
കുണ്ടറയില്‍ ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്കെതിരെ 14 കാരന്റെ അമ്മ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. 2010-ല്‍ തന്റെ മകനെ കുണ്ടറ പീഡനക്കേസിലെ പ്രതിയും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നായിരുന്നു അവര്‍ പരാതിപ്പെട്ടത്. അന്ന് തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരുവിധ അന്വേഷണം നടന്നില്ലെന്നും വീട്ടമ്മ പറഞ്ഞിരുന്നു.
Discussion about this post