കൊല്ലം: പുനലൂര്‍ കരവാളൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയായശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ മരണം നടന്ന് രണ്ടുമാസമായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതിരുന്ന പൊലീസാണ് പുനലൂരില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. മരണത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ പുനലൂര്‍ പൊലീസ് റിപ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു.
കരവാളൂര്‍ പൊയ്കമുക്ക് സ്വദേശിയായ വിദ്യാര്‍ഥിയെ ഞായറാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ സ്കൂളിലെ വാര്‍ഷികത്തിന് കൊണ്ടുപോകാത്തതായിരുന്നു ആത്മഹത്യയ്ക്ക് കാരണമെന്നാണ് രക്ഷാകര്ത്താക്കള് മൊഴി നല്‍കിയിരുന്നത്. സഹോദരിയുടെ സ്കൂളില്‍ എല്ലാവരും വാര്‍ഷികത്തിന് പോയപ്പോള്‍ 13 വയസുകാരന് വീട്ടില്‍ തനിച്ചായിരുന്നു.
പക്ഷേ, കുണ്ടറ പീഡനത്തില്‍ തിരിച്ചടി നേരിട്ട പൊലീസ് വിരലടയാള വിദഗ്ധരും സൈന്റിഫിക് ഓഫീസറും സ്ഥലത്തെത്തിയ ശേഷമായിരുന്ന ഇന്‍ക്വസ്റ്റ് നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അടുത്ത ദിവസം തന്നെ പൊലീസ് വാങ്ങിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പൊലീസ് സര്ജന് ഡോ. വത്സലയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സഹപാഠികള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍, ബന്ധുകള്‍ തുടങ്ങിയ പലരേയും പൊലീസ് ഇതിനോടകം ചോദ്യം ചെയ്തു. ചിലരെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കം ശാസ്ത്രീയമായ എല്ലാ പരിശോധനകളും കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് കൊല്ലം റൂറല്‍ എസ്പി: എസ്.സുരേന്ദ്രന് പറഞ്ഞു.
Discussion about this post