ന്യൂഡല്‍ഹി: ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് മൂലം ചൈനയിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈനയിലെ സ്ഥിതി സാധാരണമാണെന്നും ശ്വാസകോശ അണുബാധകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം സംയുക്ത മോണിറ്ററിംഗ് ഗ്രൂപ്പ് യോഗം വിളിച്ചതിന് പിന്നാലെയാണ് പ്രസ്താവന ഇറക്കിയത്.
ലഭ്യമായ എല്ലാ വഴികളിലൂടെയും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചൈനയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ യാഥാസമയം അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ചിട്ടു ഉണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളും ആരോഗ്യ സംരക്ഷണ വിഭവങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യാൻ സുസജ്ജമാണെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ശുചിത്വം പാലിക്കുവാനും രോഗലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യോപദേശം തേടാനും ഉൾപ്പെടെയുള്ള മുൻകരുതലുകൾ പാലിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post