പാലക്കാട്: ആറ് ദിവസം മുമ്പ് വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസുകാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു. കൊടുമുണ്ടയിലെ ബന്ധുവീട്ടിൽ ആണ് പുസ്തകങ്ങൾ എന്നും, ഇത് എടുത്തിട്ട് വരാമെന്നും ആണ് കുട്ടി സുഹൃത്ത്ക്കളോട് പറഞ്ഞിരുന്നത്.
കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. എന്നാല്‍ കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. ബന്ധുവീട്ടിൽ അന്വേഷിച്ചെങ്കിലും കുട്ടി അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പോലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. പോലീസ് നടത്തിയ പരിശോധനയിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം കുട്ടി എത്തിയതായി വ്യക്തമായിരുന്നു. ഇവിടെയുള്ള സിസിടിവികളിൽ കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പിന്നീട് എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.
Discussion about this post