കോയമ്പത്തൂര്‍: ദേശീയതലത്തില്‍ ഇടതുപക്ഷ ബുദ്ധിജീവികളുടെയും സംഘടനയുടെയും ഇടപെടലുകള്‍ ചെറുക്കാന്‍ ബൗദ്ധിക വിഭാഗം ശക്തമാക്കാന്‍ ആര്‍എസ്എസ്. മോദി സര്‍ക്കാരിനെതിരെയും ആര്‍എസ്എസിനെതിരായും വ്യാജപ്രചരണം നടത്തുന്ന ഇടത് ബുദ്ധി കേന്ദ്രങ്ങളുടെ ഗുഢാലോചനകളും ഇടപെടലുകളും ശക്തിപ്രാപിക്കുന്ന സാഹചര്യം ചെറുക്കുന്നതിന്റെ കൂടെ ഭാഗമായാണ് കോയമ്പത്തൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ബൗദ്ധീകപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രജ്ഞ പ്രവാഹ് ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ആര്‍ എസ് എസ് സഹബൗദ്ധീക് പ്രമുഖും ചിന്തകനുമായ മലയാളി ജെ നന്ദകുമാറിന് പ്രജ്ഞാ പ്രവാഹിന്റെ പൂര്‍ണ ചുമതല നല്‍കും. സാംസ്‌ക്കാരിക, വിദ്യാഭ്യാസരംഗങ്ങളില്‍ ഏറെ നിര്‍ണായകവും സങ്കീര്‍ണവുമായ തീരുമാനങ്ങളും നടപടികളും സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക ഉള്‍പ്പട പ്രധാനപ്പെട്ട ചുമതലകള്‍ പ്രജ്ഞാ വാഹകിനായിരിക്കും.
ദീന്‍ദയാല്‍ ഗവേഷണകേന്ദ്രം, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ ഫൗണ്ടേഷന്‍, ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍, ഗുജറാത്തിലെ ഭാരതീയ വിചാരസാധന, തമിഴ്നാട്ടിലെ ചിന്തനൈ കഴകം, കര്‍ണാടകത്തിലെ മന്ദന്‍, കേരളത്തിലെ ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ തുടങ്ങിയ ആഭിമുഖ്യ പ്രസ്ഥാനങ്ങള്‍ പ്രജ്ഞാ പ്രവാഹിന്റെ ചുമതലയില്‍ വരും. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ധര്‍മ സിവിലൈസേഷന്‍ സ്റ്റഡീസ് ഫൗണ്ടേഷനും നിയന്ത്രണത്തില്‍ വരും. സഹബൗദ്ധിക് പ്രമുഖ് പദത്തിലേക്ക് നരേന്ദര്‍ ഠാക്കൂറിനെ നിയോഗിച്ചിട്ടുണ്ട്. പരാഗ് അഭയാറാണ് സേവാപ്രമുഖ്.ആര്‍എസ്എസിന്റെ കേന്ദ്രസമിതിയില്‍ ജെ നന്ദകുമാറിനെ കൂടാതെ കേരളത്തില്‍ നിന്നുള്ള സേതുമാധവനുമുണ്ട്.
കേന്ദ്രഭരണത്തിലും മറ്റും നിര്‍ണായക ചുമതലകള്‍ വഹിക്കുന്നത് പ്രജ്ഞാവാഹകിന്റെ കീഴിലുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. വിവേകാനന്ദ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയും. പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, നീതി ആയോഗ് അംഗം ബിബേക് ദബ്രോയ് തുടങ്ങിയവരും ഈ സംഘടനയില്‍ നിന്നുള്ളവരാണ്.
മറ്റൊരു സംഘടനയായ ഇന്ത്യാ ഫൗണ്ടേഷന്റെ തലപ്പത്ത് അജിത് ഡോവലിന്റെ മകന്‍ ശൗര്യാ ഡോവലാണുള്ളത്.
രാജ്യമെമ്പാടും ആര്‍എസ്എസ് ശക്തമാകുന്ന സാഹചര്യം വിലയിരുത്തിയ പ്രതിനിധി സഭ രാഷ്ട്രീയ വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. കേരളം ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില സംഘടനാ വിഷയങ്ങളും പ്രതിനിധി സഭയില്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സിപിഎം അക്രമവും ചര്‍ച്ചയായി.
Discussion about this post