ലക്നൗ: യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്സൈറ്റ്. വിഷയം കോടതിക്ക് പുറത്തു ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അഭിപ്രായ വോട്ടെടുപ്പുമായി വെബ്സൈറ്റ് രംഗത്തെത്തിയിരിക്കുന്നത്. www.ayodhya-issue.gov-up.in എന്നാണ് വെബ്സൈറ്റിന്റെ പേര്. www.up.gov.in എന്ന യുപി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുമായി സാമ്യമുള്ളതാണ് വ്യാജ വെബ്സൈറ്റിന്റെ യുആര്‍എല്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും വെബ്സൈറ്റിലുണ്ട്. കഴിഞ്ഞദിവസം മുതല്‍ വെബ്സൈറ്റിന്റെ ലിങ്ക് സഹിതം സോഷ്യല്‍ മീഡിയവഴി ഓണ്‍ലൈന്‍ പ്രചരണം നടക്കുകയാണ്്.
വാട്സാപ്പിലൂടെയാണ് അഭിപ്രായ വോട്ടെടുപ്പിന് പ്രചാരണം കൂടുതലായും നടക്കുന്നത്. വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെയാണ്: അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രമാണോ ബാബറി മസ്ജിദ് ആണോ നിങ്ങള്‍ക്ക് വേണ്ടത്? ഞാന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. നിങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരുമായി നമ്മുടെ അഭിപ്രായം പങ്കുവെക്കേണ്ടത് പ്രധാനമാണ്.
വെബ്സൈറ്റില്‍ നാല് ഓപ്ഷനുകളാണ് വോട്ട് ചെയ്യാനായി നല്‍കിയിരിക്കുന്നത്
1, രാമജന്മഭൂമിയില്‍ രാമക്ഷേത്രം എത്രയും പെട്ടെന്ന് നിര്‍മ്മിക്കണം. മസ്ജിദ് മറ്റെവിടെയെങ്കിലും പണിയാം.
2, രാമക്ഷേത്രവും മസ്ജിദും അടുത്തടുത്തായി നിര്‍മ്മിക്കണം.
3, ബാബറി മസ്ജിദ് യഥാര്‍ത്ഥ സ്ഥലത്ത് പുനര്‍നിര്‍മ്മിക്കണം. അടുത്തായി രാമക്ഷേത്രം നിര്‍മ്മിക്കണം.
4, പൊതുജനവികാരം മാറ്റി നിര്‍ത്തി സുപ്രീം കോടതി നിയമാനുസൃതമായ തീരുമാനത്തിലെത്തണം.
അന്വേഷണത്തില്‍ വെബ്സൈറ്റ് ഡല്‍ഹി സ്വദേശിയായ തരുണ്‍ ചൗധരി എന്നയാളുടെയാണെന്ന് തെളിഞ്ഞു. അക്തര്‍ അലി എന്ന കര്‍ണാടക സ്വദേശിയുടെ ഫോണ്‍ നമ്പറാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. തന്റെ നമ്പര്‍ ആരോ ദുരുപയോഗം ചെയ്തതാണെന്ന് അക്തര്‍ അലി പറഞ്ഞു.
‘രാമജന്മഭൂമിയില്‍ രാമക്ഷേത്രം എത്രയും പെട്ടെന്ന് നിര്‍മ്മിക്കണം. മസ്ജിദ് മറ്റെവിടെയെങ്കിലും പണിയാം.’ എന്ന അഭിപ്രായത്തെ അനുകൂലിച്ച് 81 ശതമാനം പേര് വോട്ടുചെയ്തതായാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും അഭിപ്രായം രേഖപ്പെടുത്താം. വെബ്സൈറ്റുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷിക്കുമെന്നും യുപി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ പറഞ്ഞു.
Discussion about this post