കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രാജി. മന്ത്രി ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അല്‍പം മുന്‍പ് പുറത്തുവന്നിരുന്നു. ഇതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.
രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവെച്ചതെന്നും രാജി ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. തന്റെ പേരില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും തലകുനിക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പ്രതികരിച്ചു. ധാര്‍മികതയ്ക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജി കുറ്റസമ്മതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. നേരത്തെ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്‍ തത്സ്ഥാനം രാജിവെച്ചിരുന്നു.
എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം തെറ്റാണെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
Discussion about this post