തലശേരി: കണ്ണൂരിൽ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ലസിത പാലക്കലിന്റെ കതിരൂര്‍ മലാലിലെ വീടിനു നേരേ വീണ്ടും ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകൾ അടിച്ചുതകര്‍ത്ത അക്രമിസംഘം കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കിണറ്റില്‍ തള്ളുകയും ചെയ്തു.
അഞ്ചാമത്തെ തവണയാണ് ലസിതയുടെ വീടിനു നേരേ അക്രമം നടക്കുന്നത്. ഇതിനു മുമ്പ് കിണറ്റില്‍ എലിവിഷം കലക്കിയിരുന്നു. സിപിഎമ്മുകാരാണ് തന്റെ വീടിന് നേരേ നിരന്തരമായി അക്രമം നടത്തുന്നതെന്ന് ലസിത ആരോപിച്ചു.
മലാലിലെ വീടിനു നേരേ നിരന്തരം അക്രമമുണ്ടായതിനെ തുടര്‍ന്ന് താനും കുടുംബവും പാച്ചപൊയ്കയിലെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നുവെന്ന് ലസിത പറഞ്ഞു. എന്നാല്‍ ഇവിടെ വച്ച് തനിക്കും കുടുംബത്തിനും നേരേ ബോംബാക്രണം നടന്നു. തനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ അവിടെ നിന്നും പാനൂര്‍ വള്ളങ്ങാട്ടേക്ക് താമസം മാറ്റിയിരിക്കുയാണ്. തനിക്കും കുടുംബത്തിനും നേരെ നിരന്തരം അക്രമം നടന്നിട്ടും പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ലസിത ആരോപിക്കുന്നു.
ലസിതയുടെ വീടിനു നേരെ നടന്ന അക്രമത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ് പ്രതിഷേധിച്ചു.
Discussion about this post