സിപിഎം ഉള്‍പ്പടെ അഞ്ച് പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി സ്ഥാനം സംബന്ധിച്ച് വീണ്ടും തര്‍ക്കം ഉയരാന്‍ സാധ്യത. നിലവില്‍ ദേശീയ പാര്‍ട്ടി സ്ഥാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം സിപിഎം ഉള്‍പ്പടെ അഞ്ച് പാര്‍ട്ടികള്‍ പാലിക്കുന്നില്ല. തുടര്‍ന്ന് തെരഞ്ഞടുപ്പ് കമ്മീഷന് നല്കിയ ഇളവിന്റെ പശ്ചാത്തലത്തിലാണ് ഈ പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടികളായി തുടരുന്നത്. ഇപ്പോള്‍ മാനദണ്ഡങ്ങളില്‍ ഇളവ് തേടി ആം ആദ്മി പാര്‍ട്ടി കൂടി രംഗത്തെത്തുന്നതാണ് പദവി സംബന്ധിച്ച തര്‍ക്കം ഉയരാന്‍ ഇടയാക്കുന്നത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത് ദേശീയ പാര്‍ട്ടികള്‍ എതിര്‍ത്താല്‍ അതിനൊപ്പം സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എന്‍സിപി സിപിഐ എന്നി പാര്‍ട്ടികള്‍ക്ക് നല്കിയ ഇളവും തര്‍ക്കത്തിലാകും. ഇത് നിയമനടപടികളിലേക്ക് നീങ്ങിയാല്‍ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.
അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രമാണ്. ദേശീയപാര്‍ട്ടി അംഗീകാരം നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ അഞ്ചുപാര്ട്ടികള്ക്ക് മാനദണ്ഡത്തില്‍ ഇളവ് നല്‍കിയിരുന്നു. ഒരിടത്തുമാത്രം സംസ്ഥാനപാര്‍ട്ടിയായ സി.പി.ഐ.യും തൃണമൂല്‍കോണ്‍ഗ്രസും ഇതില്‍ ഉള്‍പ്പെടും. മൂന്നിടത്ത് സംസ്ഥാനപാര്ട്ടിയാണ് ആം ആദ്മി പാര്‍ട്ടി.
ലോക്സഭയില്‍ രണ്ടുശതമാനം എം.പി.മാരുണ്ടാകുകയാണ് ദേശീയപാര്‍ട്ടി അംഗീകാരത്തിനുള്ള ഒരു മാനദണ്ഡം. ഇത് മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി വേണം. അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്ട്ടിയാകണം. ഇപ്പോള്‍ ഇത് രണ്ടും പാലിക്കുന്നത് ബി.ജെ.പി.യും കോണ്‍ഗ്രസും മാത്രം. മറ്റ് അഞ്ചുപാര്ട്ടികളും സംസ്ഥാനപാര്‍ട്ടികളുടെ ഗണത്തിലായി ഒതുങ്ങും. സംസ്ഥാനത്ത് പോള്‍ ചെയ്തതിന്റെ ആറുശതമാനം വോട്ട്, 25 എം.പി.മാര്‍ക്ക് ഒരു എം.പി., 30 എം.എല്‍.എ.മാര്‍ക്ക് ഒരു എം.എല്‍.എ. എന്നതാണ് സംസ്ഥാനപാര്ട്ടിയാകാനുള്ള യോഗ്യത.
കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിനുശേഷം സി.പി.ഐ., ബി.എസ്.പി., എന്‍.സി.പി. എന്നീപാര്‍ട്ടികള്‍ ദേശീയപാര്‍ട്ടി മാനദണ്ഡത്തില്‍നിന്ന് പുറത്തായിരുന്നു. തമിഴ്നാട് തിരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മും മേഘാലയ തിരഞ്ഞെടുപ്പിനുശേഷം തൃണമൂലും പുറത്തായി. ഇവരുടെ അപേക്ഷ പരിഗണിച്ചാണ് അഞ്ചുപാര്ട്ടികള്ക്കും പത്തുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് ദേശീയപാര്‍ട്ടിയെന്ന പദവി നീട്ടിക്കൊടുത്തത്. ഗോവ, മണിപ്പുര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം വന്നതോടെ മൂന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള പാര്‍ട്ടിയായി ആം ആദ്മി മാറി. ഡല്‍ഹിക്കുപുറമേ ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.എ.പി. സംസ്ഥാനപാര്ട്ടിയാകും.
Discussion about this post