തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യങ്ങള്‍ തയാറാക്കുന്ന പലര്‍ക്കും സ്വകാര്യ ചോദ്യക്കടലാസ് വിപണന സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ട്യൂഷന് സെന്ററുകളിലും പാരലല്‍ കോളജുകളിലും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷകളുടെ ചോദ്യക്കടലാസ് വില്‍ക്കുന്ന ഏജന്‍സികളാണു പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കുന്നവരെ വലയിലാക്കുന്നത്.
ജൂലൈയിലെ മിഡ് ടേം പരീക്ഷ, ഓണപ്പരീക്ഷ, നവംബറിലെ മിഡ് ടേം, ക്രിസ്മസ് പരീക്ഷ, ജനുവരിയിലെ യൂണിറ്റ് പരീക്ഷകള്‍, പ്രീ മോഡല്‍ പരീക്ഷ തുടങ്ങിയവയെല്ലാം പ്രധാന ട്യൂഷന് സെന്ററുകളിലും പാരലല്‍ കോളേജുകളിലും നടത്താറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളാണ് ഇതിനായി ചോദ്യക്കടലാസ് തയാറാക്കി നല്‍കുന്നത്. ഇവര്‍ പാരലല്‍ കോളജുകള്‍ക്കു പുറമേ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും ചോദ്യം നല്കുന്നു. ലക്ഷക്കണക്കിനു രൂപയാണ് ചോദ്യം വിറ്റ് ഇത്തരം ഏജന്‍സികള്‍ നേടുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ തന്നെ പൊതു പരീക്ഷയില്‍ ചോദിക്കുമെന്നു പ്രചരിപ്പിച്ചു കൂടുതല്‍ ബിസിനസ് നേടേണ്ടത് ഇവരുടെ ആവശ്യമാണ്. ചില സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പോലും മിഡ് ടേം പരീക്ഷയ്ക്കും പ്രീ മോഡലിനും ഇത്തരം ഏജന്‍സികളുടെ ചോദ്യം വാങ്ങാറുണ്ട്. ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നല്‍കാറുള്ളൂ. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെ ചോദ്യം സര്‍ക്കാര്‍ നല്കുമ്പോള് ഹയര്‍ സെക്കന്‍ഡറിയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യവും പുറത്തു നിന്നു വാങ്ങുകയാണ്. സ്വകാര്യ ഏജന്‍സികള്‍ക്കായി ചോദ്യം തയാറാക്കുന്നതും ഇത്തരം ഏജന്‍സികള്‍ നടത്തുന്നതുമെല്ലാം സര്‍വീസിലുള്ള അധ്യാപകര്‍ തന്നെയാണ്.
എസ്സിഇആര്ടി, പരീക്ഷാഭവന്, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ഇവര്‍ക്കു നല്ല സ്വാധീനം കാണും. അത് ഉപയോഗിച്ചു പൊതു പരീക്ഷകളുടെ ചോദ്യകര്‍ത്താക്കളുടെ പേരും ഫോണ്‍ നമ്പരും അവര്‍ ചോര്‍ത്തിയെടുക്കുന്നു. തുടര്‍ന്ന്, അവരെ ബന്ധപ്പെട്ടു തങ്ങള്‍ക്കു വേണ്ടി ചോദ്യം തയാറാക്കുന്നതിനു ചുമതലപ്പെടുത്തും. വന്‍ തുക വാഗ്ദാനം ചെയ്യുന്നതിനാല്‍ പലരും പ്രലോഭനത്തില്‍ വീഴും. അല്ലെങ്കില്‍, ചോദ്യകര്‍ത്താക്കളുടെ സുഹൃത്തുക്കള്‍ വഴി ചോദ്യകര്‍ത്താവിനെ സ്വാധീനിക്കും. വലിയ തുകയാണ് ഇതിനായി നല്‍കുക. ഒരേ അധ്യാപകന് തന്നെ രണ്ടും മൂന്നും സ്വകാര്യ ഏജന്‍സികള്‍ക്കായി ചോദ്യം തയാറാക്കി നല്‍കുന്നുണ്ട്. സ്വകാര്യ ഏജന്‍സിയിലെ ചോദ്യങ്ങളുമായി പൊതു പരീക്ഷയിലെ ചോദ്യത്തിനു സാമ്യം ഉണ്ടെങ്കിലേ ഭാവിയില്‍ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്കു ഡിമാന്‍ഡ് ഉണ്ടാകൂ. പരീക്ഷകള്‍ നടത്തുന്നതിനു വിദ്യാര്‍ഥികളില്‍ നിന്നു നല്ലൊരു തുക ഫീസ് ഇനത്തില്‍ ട്യൂഷന് സെന്ററുകളും പാരലല്‍ കോളജുകളും പിരിച്ചെടുക്കാറുണ്ട്.
പാഠപുസ്തകങ്ങള്‍, എസ്സിഇആര്ടിയുടെ ക്വസ്റ്റ്യന്‍ പൂള്, ജില്ലാ പഞ്ചായത്തുകളുടെ പഠന സാമഗ്രികള്‍, ഡിപിഐ പ്രസിദ്ധീകരിക്കുന്ന ഒരുക്കം തുടങ്ങിയവയെല്ലാം തയാറാക്കുന്നത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഒരേ ടീമുകളാണ്. വിരമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ പോലും ഇത്തരം പാനലുകളില്‍ ഇപ്പോഴും തുടരുന്നു. ഇവരോ ഇവരുടെ സുഹൃത്തുക്കളോ ആയിരിക്കും സ്വകാര്യ ഏജന്‍സികള്‍ക്കായി ചോദ്യം തയാറാക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍, പൊതു പരീക്ഷകള്‍ ഒഴിച്ചാല്‍ മോഡല്‍ പരീക്ഷയ്ക്കും മറ്റും അധ്യാപക സംഘടനകളുടെ ചോദ്യക്കടലാസ് ആണു വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. ചോദ്യം വിറ്റു സംഘടനകള്‍ വന്‍തുക ഉണ്ടാക്കുന്നതിനെതിരെ പലപ്പോഴും ആക്ഷേപം ഉയര്‍ന്നുവെങ്കിലും നിര്‍ത്തലാക്കിയിട്ടില്ല. അധ്യാപക സംഘടനകള്‍ക്കു വേണ്ടി ചോദ്യം തയാറാക്കുന്നവര്‍ തന്നെയായിരിക്കും പലപ്പോഴും പൊതു പരീക്ഷയ്ക്കും ചോദ്യം തയാറാക്കുക. അല്ലെങ്കില്‍ അവരുടെ സുഹൃത്തുക്കള്‍ ആയിരിക്കും. ഇതു പലപ്പോഴും ആവര്‍ത്തനത്തിനും സാമ്യത്തിനും ഇടയാക്കുന്നു. അധ്യാപക സംഘടനകളുടെ ചോദ്യക്കടലാസ് വില്പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം ആകൂ.
Discussion about this post