കരിപ്പൂര്‍: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വധിക്കാന്‍ തയ്യാറാക്കിയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമടക്കം 15 പേര്. ഇവരുള്‍പ്പെടെയുള്ള 152 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. ഐ.എസിലേക്ക് ആളെച്ചേര്‍ക്കുന്ന മഹാരാഷ്ട്രക്കാരന് നാജിര്‍ ബിന്‍ യാഫിയുടെ ലാപ് ടോപ്പില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.എ)യ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്.
രാജ്യത്ത് സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പട്ടികയിലുള്ള കൂടുതല്‍ പേരും. മഹാരാഷ്ട്രയില്‍ നിന്ന് 70ഉം കര്‍ണാടകയില്‍ നിന്ന് 30ഉം ഡല്‍ഹിയില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും 15 വീതവും പട്ടികയിലുണ്ട്. ഏഴുപേര്‍ പശ്ചിമ ബംഗാളില്‍ നിന്നുമുള്ളവരാണ്.
ഇന്‍സ്റ്റഗ്രാം വഴി ഐ.എസ്. നേതാവ് ഷാഫി അര്‍മറിന് കൈമാറിയ പട്ടികയില്‍ പേരും ഔദ്യോഗികപദവി, കമ്പനികളുടെ വിവരങ്ങള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവയുമുണ്ട്. ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നെന്നാണ് മലയാളികളായ പത്രപ്രവര്‍ത്തകര്‍ക്കുമേലുള്ള കുറ്റം. ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പ്രവര്‍ത്തകരെ പിടികൂടാനും സഹായിക്കുന്നെന്നതാണ് ഹാക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ വിദഗ്ധര്‍ പട്ടികയില്‍പ്പെടാന്‍ കാരണം. ലോകത്താകമാനം വധിക്കപ്പെടേണ്ടവരുടെ 8318 പേരുടെ പട്ടിക 2016 ജൂണില്‍ ഐ.എസ്. തയ്യാറാക്കിയിരുന്നു. ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇതിലുണ്ട്. വധഭീഷണിയെത്തുടര്ന്ന് സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post