മലപ്പുറം: സംസ്ഥാനത്തെ പൊലീസ് ഭരണം അമ്പേ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ വീഴ്ച പറ്റി. മുഖ്യമന്ത്രി ജിഷ്ണുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിക്കണമെന്നും ദുരഭിമാനത്തിന്റെ കാര്യം ഇവിടെയില്ലെന്നും എകെ ആന്റണി പറഞ്ഞു.
പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയെ കുറിച്ചുള്ള വിഎസ് അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ പോയി കെകെ രമയെ കാണാമെങ്കില്‍ തൊട്ടടുത്ത ആശുപത്രിയിലുള്ള മഹിജയെ വിഎസ് സന്ദര്‍ശിക്കാത്തതെന്തെന്നും ആന്റണി ചോദിച്ചു. പഴയ വിഎസായിരുന്നെങ്കില്‍ മഹിജയെ കാണുമായിരുന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് സിപിഐഎമ്മിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാവണം. മതേതര സമീപനങ്ങള്‍ക്ക് സിപിഐഎം എതിരു നില്‍ക്കുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇന്ത്യയിലെ മതേതര കൂട്ടായ്മയ്ക്ക് കരുത്താകുമെന്നും രാജ്യവ്യാപകമായി ബിജെപിക്കെതിരായ മതേതര സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എകെ ആന്റണി പറഞ്ഞു.
ബംഗാളില്‍ സഖ്യമുണ്ടാക്കിയത് തൃണമൂലുകാരുടെ തല്ലുകൊള്ളാതിരിക്കാനാണെന്നും ആന്റണി പരിഹസിച്ചു. മതേതര സമീപനങ്ങള്‍ക്ക് സിപിഐഎം എതിരു നില്‍ക്കുന്നുവെന്ന വിമര്‍ശനമാണ് ആന്റണി പ്രധാനമായും ഉയര്‍ത്തിയത്.
Discussion about this post