ചണ്ഡിഗഡ്: ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി പോലിസ്. ഭരണകൂടത്തിന് എതിരെ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് സര്‍വകലാശാലയിലെ 66 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.
ഫീസ് വര്‍ദ്ധനവിന് എതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ‘പി.യു മൂര്‍ദ്ദാബാദ്’, ‘എം.എച്ച്.ആര്.ഡി മൂര്‍ദ്ദാബാദ്’, ‘യു.ജി.സി മൂര്‍ദ്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി സര്‍വകലാശാല സുരക്ഷാ ഓഫീസര്‍ അശ്വനി കൗള്‍ നല്കിയ പരാതിയില്‍ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു.
രാജ്യദ്രോഹക്കുറ്റം കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147 (കലാപമുണ്ടാക്കല്‍), 148 (സായുധകലാപം നടത്തല്‍), 149 (നിയമവിരുദ്ധമായി സംഘം ചേരല്‍), 332 (ഭരണാധികാരിയുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 308 (നരഹത്യാശ്രമം) എന്നിവയനുസരിച്ചും വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
ഫീസ് വര്‍ദ്ധനവിനെ കുറിച്ച് സര്‍വകലാശാല വി.സിയുമായി ചര്‍ച്ച നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ അതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ബലമുപയോഗിച്ച് വി.സിയുടെ ഓഫീസില്‍ കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് എതിരെ ജലപീരങ്കി ഉപയോഗിച്ചു. അതിനിടയിലുണ്ടായ ഏറ്റുമുട്ടലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 52 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
2017-18 വര്‍ഷത്തില്‍ 244 കോടിയുടെ കടം പ്രതീക്ഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എല്ലാ കോഴ്സുകള്‍ക്കും 12.5 ശതമാനം വര്‍ദ്ധനവാണ് സര്‍വകലാശാല ഏര്‍പ്പെടുത്തിയത്.
Discussion about this post