ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ലയനത്തിന്റെ ഭാഗമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം വീണ്ടും അധികാരമേല്‍ക്കും. തല്‍സ്ഥാനത്തിലിരിക്കുന്ന ഇ.കെ പളനിസ്വാമി വി.കെ ശശികലയ്ക്ക് പകരം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച പുതിയ തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പനീര്‍സെല്‍വത്തിന് വേണ്ടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കും. ആദായനികുതി വകുപ്പ് സ്വത്തുക്കള്‍ കണ്ടുകെട്ടിയ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി, മുന്‍ മന്ത്രിയും എം.എല്‍.എയുമായ സെന്തില്‍ ബാലാജിയെയും ദക്ഷിണ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റു ചിലരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അണ്ണാ.ഡി.എം.കെയിലെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഭരണപക്ഷത്തിലുള്ള മറ്രു നേതാക്കള്‍ ശശികലയെയും അനന്തരവന്‍ ടി.ടി.വി ദിനകരനെയും ഒഴിവാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നേടിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതോടെയാണ് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും ലയന നടപടികളുമായി മുന്നോട്ടു വന്നത്. പനീര്‍സെല്‍വം പാനലിന്, നേതൃത്വം നല്‍കുന്നത് മുന്‍ മന്ത്രിയായ കെ.പി മുനുസ്വാമിയാണ്. മാത്രമല്ല മുതിര്‍ന്ന നേതാക്കളായ മാഫോയി പാണ്ഡിയരാജന്‍, വി.മൈത്രേയന്‍ എന്നിവരും ഒ.പി.എസിനൊപ്പമാണ്.
രാജ്യസഭ എം.പി ആര്‍. വൈദ്യലിംഗത്തിന്റെ നേതൃത്വത്തില്‍ ഏഴംഗ കമ്മിറ്റി പളനിസ്വാമി രൂപീകരിച്ചിരുന്നു. പനീര്‍സെല്‍വം ക്യാന്പ് ലയന ചര്‍ച്ചക്കിടയില്‍ ശശികലയെയും ദിവാകരനെയും ഉള്‍പ്പെടെ അവരുടെ കുടുംബത്തില്‍ ഉള്‍പ്പെട്ട മുപ്പതോളം പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാരില്‍ പുതിയ മാറ്രങ്ങള്‍ ഉണ്ടാവാന്‍ പോവുന്നത്.
Discussion about this post