ചെന്നൈ: കടുത്ത വരള്‍ച്ചയില്‍ ദുരിതം പേറുന്ന തമിഴ്‌നാടിനെ രക്ഷിക്കാന്‍ തമിഴ്‌നാട് സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ രാജു തെരഞ്ഞെടുത്ത വിചിത്ര വഴി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജല ദൗര്‍ലഭ്യം മൂലം സംസ്ഥാനത്തെ പല സ്ഥലങ്ങളും വരണ്ടു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് ഡാമിലുള്ള വെള്ളമെങ്കിലും സംരക്ഷിക്കണമെന്ന് മന്ത്രി സെല്ലൂര്‍ കെ രാജുവിന് തോന്നിയത്. മന്ത്രിയുടെ കരുതലിനെ കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍ ജല സംരക്ഷണത്തിന് മന്ത്രി തെരഞ്ഞെടുപ്പ് വഴിയാണ് വിചിത്രം.
ഡാമിലെ വെള്ളം സൂര്യതാപത്തില്‍ ആവിയാകി പോകാതിരിക്കാന്‍ മന്ത്രി കണ്ടെത്തി വഴി ജലത്തിനു മുകളില്‍ തെര്‍മോകോള്‍ വിരിക്കുകയെന്നതായിരുന്നു. ഇതിനായി പത്തു ലക്ഷം രൂപ ചെലവിടാനും മന്ത്രി തീരുമാനിച്ചു. തെര്‍മോകോളും വാങ്ങി തൊഴിലാളികളുമായി ഡാമിലെത്തിയ മന്ത്രി സമയം പാഴാക്കാതെ ദൗത്യം തുടങ്ങാന്‍ നിര്‍ദേശിച്ചു. തന്റെ തലയില്‍ ഉദിച്ച ബുദ്ധിയായതു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി തന്നെ നിര്‍വഹിച്ചു. ഒപ്പം ജില്ലാ കലക്ടറെയും മന്ത്രി കൂട്ടിയിരുന്നു. പക്ഷേ ഡാമിലെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വെള്ളത്തിനു മുകളില്‍ ഭാരമില്ലാത്ത തെര്‍മോകോള്‍ വിരിക്കുന്നത് പ്രായോഗികമാണെന്ന ധാരണ മിനിറ്റുകള്‍ക്കുള്ളില്‍ മാറിക്കിട്ടി.
ജലസംഭരണിയിലെ ശക്തിയേറിയ കാറ്റും ഇളകുന്ന വെള്ളവും തെര്‍മോകോളിനെ ഡാമില്‍ നിന്നു ചവിട്ടിപ്പുറത്താക്കി കൊണ്ടിരുന്നു. സെല്ലോടേപ്പ് ഉപയോഗിച്ച് തെര്‍മോകോളുകള്‍ കൂട്ടി ഒട്ടിച്ചായിരുന്നു വിരിച്ചുകൊണ്ടിരുന്നത്. തെര്‍മോകോള്‍ വെള്ളത്തിലിടും പറന്നുപോകും. വീണ്ടും ഇടും പറന്നുപോകും… ഇതായിരുന്നു അവസ്ഥ. ഒരിടത്ത് വിരിച്ചു തീരുമ്പോഴേക്കും അതില്‍ ഭൂരിഭാഗം തെര്‍മോകോളും കാറ്റ് തീരത്തെച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇതു ഒരു നടക്ക് തീരില്ലെന്ന് ബോധ്യമായതോടെ മന്ത്രി പണി നിര്‍ത്തിക്കോളാന്‍ നിര്‍ദേശിച്ചു. ഏതായാലും മന്ത്രിയുടെ മണ്ടന്‍ ആശയത്തിന് സോഷ്യല്‍മീഡിയയില്‍ വന്‍ ട്രോളുകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.
Discussion about this post