സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയെ ന്യായീകരിച്ച് എം സ്വരാജ് എംഎല്‍എ. ദുഷ്ട ബുദ്ധികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന തരത്തില്‍ പ്രസംഗിച്ചതിന് എംഎം മണിയെ വിമര്‍ശിക്കാം. കുറ്റപ്പെടുത്താം. പ്രസംഗത്തില്‍ ദു:സൂചനയുണ്ടെന്ന് ഗവേഷക പ്രതിഭകള്‍ക്ക് ആരോപിക്കുകയുമാവാം. എന്നാല്‍ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂര്‍ണ ഉത്തരവാദിത്വം മന്ത്രിയുടെ തലയില്‍ വെക്കുന്നത് ശരിയല്ല. വ്യാഖ്യാനിച്ചുണ്ടാക്കുന്ന കഥകളുടെ ഉത്തരവാദിത്വം വ്യാഖ്യാനിക്കുന്നവര്‍ക്കു തന്നെയാണെന്ന് ‘തൂക്കിലേറ്റുന്നതിന് മുമ്പ്’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സ്വരാജ് പറഞ്ഞു.
പറഞ്ഞ വാക്കുകളുടെ പേരില്‍ സഖാവ് എം.എം.മണിയെ വിമര്‍ശിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ പറയാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നത് അനീതിയാണെന്നും സ്വരാജ് ഫേസ്ബുക്കില്‍ പറയുന്നു. ശുദ്ധ തെമ്മാടിത്തമാണ്. പ്രസംഗത്തില്‍ ഒരിടത്തും സ്ത്രീവിരുദ്ധമായതൊന്നും മന്ത്രി പറഞ്ഞിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരേയും സ്വരാജ് തുറന്നടിച്ചു. ‘ഞങ്ങള്‍ ഒരു ഉദ്യോഗസ്ഥ മേധാവിയുടെയും , മുതലാളിയുടെയും ഓശാരം സ്വീകരിച്ചിട്ടില്ലെന്നും , അവിടെ മന്ത്രി പറയും പോലെ വെള്ളമടിച്ചു നടന്നിട്ടില്ലെന്നും ഞങ്ങളുടെ ബോധ്യങ്ങളാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും തലയുയര്‍ത്തി അഭിമാനത്തോടെ പറയാന്‍ എന്തുകൊണ്ടാണ് ഒരു മാധ്യമ പ്രവര്‍ത്തകനും കഴിയാത്തത് ??.’ സ്വരാജ് ചോദിച്ചു.
അവനവനു നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയാന്‍ തന്റേടം കാണിക്കാതെ, സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പെരുമ്പറ മുഴക്കി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സമര രംഗത്തിറക്കിയത് മാധ്യമങ്ങളാണ്. ഇത് മാധ്യമ പ്രവര്‍ത്തനമല്ല, അന്തസില്ലായ്മയാണ് . ഭീരുത്വവും അല്‍പത്തരവുമാണ്. അപഹാസ്യമായി മാറിയ ‘മൂന്നംഗ സമരം ‘ ലൈവ് ടെലികാസ്റ്റ് നടത്തി സായൂജ്യമടയുന്നവര്‍ക്ക് ആ സ്ത്രീകളെ എങ്ങനെയെങ്കിലും ‘സമര’ ത്തില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ചു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തൂക്കിലേറ്റുന്നതിന് മുമ്പ് …..
എം സ്വരാജ്
ദുഷ്ട ബുദ്ധികൾക്ക് ദുർവ്യാഖ്യാനം ചെയ്യാവുന്ന തരത്തിൽ പ്രസംഗിച്ചതിന് സ.എം.എം.മണിയെ വിമർശിക്കാം. കുറ്റപ്പെടുത്താം. പ്രസംഗത്തിൽ ദു:സൂചനയുണ്ടെന്ന് ഗവേഷക പ്രതിഭകൾക്ക് ആരോപിക്കുകയുമാവാം. എന്നാൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂർണ ഉത്തരവാദിത്വം മന്ത്രിയുടെ തലയിൽ വെക്കുന്നത് ശരിയല്ല. വ്യാഖ്യാനിച്ചുണ്ടാക്കുന്ന കഥകളുടെ ഉത്തരവാദിത്വം വ്യാഖ്യാനിക്കുന്നവർക്കു തന്നെയാണ്.
പറഞ്ഞ വാക്കുകളുടെ പേരിൽ സഖാവ് എം.എം.മണിയെ വിമർശിക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. എന്നാൽ പറയാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ മേൽ ആരോപിക്കുന്നത് അനീതിയാണ്. ശുദ്ധ തെമ്മാടിത്തമാണ്. പ്രസംഗത്തിൽ ഒരിടത്തും സ്ത്രീവിരുദ്ധമായതൊന്നും മന്ത്രി പറഞ്ഞിട്ടില്ല. “പൊമ്പിള ഒരുമൈ നടന്നു. അന്ന് ……” എന്ന പരാമർശം ആ കാലത്തെ അടയാളപ്പെടുത്താനായിരുന്നു എന്ന് പ്രസംഗം കേൾക്കുന്ന ആർക്കും മനസിലാവും.
വ്യാഖ്യാനിയ്ക്കാനും വിചാരണ നടത്താനും എം.എം.മണിയെ തൂക്കിലേറ്റാനും ഉറഞ്ഞു തുള്ളുന്ന ആവേശപ്പട്ടാളം പക്ഷെ ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത , മന്ത്രിയുടെ നേരിട്ടുള്ള പരാമർശങ്ങളോട് മൗനം പാലിക്കുന്നതെന്താണ്. ? .
പ്രസംഗത്തിൽ മന്ത്രി വ്യക്തമായിത്തന്നെ കുറ്റപ്പെടുത്തിയത് ഉദ്യോഗസ്ഥ മേധാവികളെയും മാധ്യമ പ്രവർത്തകരെയുമാണ്. പോലീസ്, സിവിൽ സർവീസ് ഉദ്യോഗസ്ഥരോടൊപ്പം മാധ്യമ പ്രവർത്തകർ ഗസ്റ്റ്ഹൗസിലും കാട്ടിലുമൊക്കെ മദ്യപിച്ചു നടന്നുവെന്നത് ഒരു ആരോപണമായിത്തന്നെ ഉന്നയിക്കുന്നുണ്ട് . അതുപോലെ മൂന്ന് മാധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പറഞ്ഞു കൊണ്ട് അവർ അവിടെ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്ന ആരോപണവും ഉയർത്തുന്നുണ്ട്.
ഈ രണ്ട് ആരോപണങ്ങളോടും പ്രതികരിക്കാൻ ഒരു മാധ്യമ പ്രവർത്തകനും മുന്നോട്ട് വരാത്തതെന്തുകൊണ്ടാണ്. ??
ഞങ്ങൾ ഒരു ഉദ്യോഗസ്ഥ മേധാവിയുടെയും , മുതലാളിയുടെയും ഓശാരം സ്വീകരിച്ചിട്ടില്ലെന്നും , അവിടെ മന്ത്രി പറയും പോലെ വെള്ളമടിച്ചു നടന്നിട്ടില്ലെന്നും ഞങ്ങളുടെ ബോധ്യങ്ങളാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും തലയുയർത്തി അഭിമാനത്തോടെ പറയാൻ എന്തുകൊണ്ടാണ് ഒരു മാധ്യമ പ്രവർത്തകനും കഴിയാത്തത് ??.
ഇനി വെള്ളമടിച്ചു കൂത്താടിയിട്ടുണ്ടെങ്കിൽ തന്നെ, അത് സ്വന്തം കീശയിലെ കാശു കൊടുത്താണെന്നും അതിന് മന്ത്രിക്കെന്തു വേണമെന്നും ചോദിക്കാം. ഓസിന് കിട്ടിയതൊക്കെ അകത്താക്കിയിട്ട് പകർന്നു തന്നവർക്കു വേണ്ടി വിടുപണി ചെയ്യുന്നവരല്ല തങ്ങളെന്നും , ഒരുത്തന്റെയും ഒരു കാലിച്ചായപോലും ഔദാര്യമായി പറ്റിയിട്ടില്ലാത്തവരാണെന്നും ആരുടെ മുന്നിലും പറയാൻ കഴിയുന്ന മാധ്യമ പ്രവർത്തകരോടെല്ലാം ബഹുമാനമേയുള്ളൂ. ….
പക്ഷെ നേരമിത്രയായിട്ടും കുട്ടികൾ ഒന്നും മിണ്ടുന്നില്ലല്ലോ ………..
മന്ത്രി പറഞ്ഞത് തെറ്റാണ് ഞങ്ങളുടെ മാധ്യമ സ്ഥാപനത്തിന് ( സ്ഥാപന ഉടമയ്ക്ക്) ഒരിഞ്ച് കയ്യേറ്റ ഭൂമി പോലുമില്ല . ഇതു വരെ ഈ ലോകത്തിലെവിടെയും ഭൂമി കയ്യേറിയിട്ടില്ല. എന്നൊക്കെ ചങ്കൂറ്റത്തോടെ പറയാൻ നമ്മുടെ മാധ്യമ പ്രവർത്തകർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്. ??
കയ്യേറ്റങ്ങൾക്കെതിരെ തൂലികയും ക്യാമറയും ചലിപ്പിക്കുമ്പോൾ സ്വന്തം സ്ഥാപനം തന്നെ ഒന്നാം തരം കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന വസ്തുത മനസാക്ഷിയുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ഞാൻ കരുതുന്നത് . (ഇത് മനസാക്ഷി ഉള്ളവരുടെ മാത്രം പ്രശ്നമാണ്. )
കേരളത്തിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരുടെ ലിസ്റ്റെടുത്താൽ അതിൽ ഇവിടുത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സ്ഥാനം അവകാശപ്പെടുന്ന മാധ്യമ ഉടമകളുടെ പേരുണ്ടാവുമെന്ന യാഥാർത്ഥ്യം തൽക്കാലം മറക്കാം. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടവും , റവന്യു ഭൂമിയും മാത്രമല്ല ക്ഷേത്രഭൂമി പോലും കയ്യേറി വേലി കെട്ടി സ്വന്തമാക്കിയവർ കയ്യേറ്റത്തിനെതിരെ മുഖപ്രസംഗമെഴുതി രോഷം കൊള്ളട്ടെ. ചർച്ച നടത്തി ഉറഞ്ഞു തുള്ളട്ടെ. ഒരു സെന്റ് ഭൂമിയിൽ കുടിലുകെട്ടിയവന്റെയും പാതയോരത്തെ കൊടിമരത്തിന്റെയും കയ്യേറ്റം ചൂണ്ടിക്കാട്ടി ഗർജ്ജിക്കട്ടെ.
മന്ത്രിയുടെ പ്രസംഗത്തിലെ നേരിട്ടുള്ള വിമർശനങ്ങൾക്ക് മറുപടി പറയാനുള്ള ആരോഗ്യമില്ലെങ്കിൽ “സ്ത്രീവിരുദ്ധം ” എന്ന ചാപ്പയടിച്ച് വിചാരണ നടത്തുന്നതാണ് ബുദ്ധി . മാർക്കറ്റുള്ളത് കച്ചവടം ചെയ്യാൻ മാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ അപ്പോഴും സഖാവ് എം എം .മണി മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരായി ഉയർത്തിയ വിമർശനങ്ങൾ അവിടെത്തന്നെ നിൽക്കുന്നു.
അവനവനു നേരെ ഉയർന്ന വിമർശനത്തിന് മറുപടി പറയാൻ തന്റേടം കാണിക്കാതെ സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പെരുമ്പറ മുഴക്കി അവരെ സമര രംഗത്തിറക്കിയത് മാധ്യമങ്ങളാണ്. ഇത് മാധ്യമ പ്രവർത്തനമല്ല, അന്തസില്ലായ്മയാണ് . ഭീരുത്വവും അൽപത്തരവുമാണ്. അപഹാസ്യമായി മാറിയ “മൂന്നംഗ സമരം ” ലൈവ് ടെലികാസ്റ്റ് നടത്തി സായൂജ്യമടയുന്നവർക്ക് ആ സ്ത്രീകളെ എങ്ങനെയെങ്കിലും “സമര” ത്തിൽ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്.
തങ്ങൾക്കുനേരെ ഉയർന്ന വിമർശനങ്ങൾക്കു് മറുപടി പറയാൻ നാവു പൊങ്ങാത്ത സുഹൃത്തുക്കളെ , ആഘോഷങ്ങൾക്ക് കൊടിയിറങ്ങുമ്പോൾ മലയാള മനോരമ മുതലാളിയോട് , അന്യായമായി കയ്യടക്കി വെച്ചിരിക്കുന്ന പന്തല്ലൂർ ഭഗവതി ക്ഷേത്രഭൂമിയെങ്കിലും വിട്ടുകൊടുക്കാൻ പറയണേ …..
[fb_pe url=”https://www.facebook.com/ComradeMSwaraj/posts/941134132656107″ bottom=”30″]
Discussion about this post