ഡല്‍ഹി: പാര്‍ട്ടിയില്‍ പുതിയ പദ്ധതിക്കായി യുവ വക്താക്കളെ തേടാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം അനുസരിച്ചാണ് പുതിയ പദ്ധതിക്കായി പാര്‍ട്ടി തയ്യാറെടുക്കുന്നത്. വിവിധ സാമൂഹിക, തൊഴില്‍ മേഖലകളിലുള്ള യുവാക്കളെ കണ്ടെത്തി വക്താക്കളായും പാര്‍ട്ടി പ്രചാരകന്മാരായും നിയോഗിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ ആളുകളെ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം മോക് പാര്ലമെന്റുകള് സംഘടിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകള്‍ വിവിധ തലങ്ങളില്‍ കാര്യക്ഷമമായി അവതരിപ്പിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസവും ബിജെപിയോട് അനുഭാവവമുള്ള നേതാക്കളെയാകും കണ്ടെത്തുക. നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധിക്കുന്നതില്‍ നിലവിലെ വക്താക്കള്‍ മാധ്യമങ്ങളില്‍ പരാജയപ്പെടുന്നുവെന്ന വിലയിരുത്തല്‍ മോദിക്കുണ്ട്. ഇതില്‍ അസംതൃപ്തനുമാണ്.
ഈ മാസം ഭുവനേശ്വറില്‍ നടന്ന ദേശീയ നിര്‍വാഹകസമിതിയിലാണ് മോദി പുതിയ ആശയം മുന്നോട്ടുവച്ചത്. മോക് പാര്ലമെന്റുകള് സംഘടിപ്പിക്കാനുള്ള പദ്ധതി പാര്‍ട്ടി ഉടന്‍ തയ്യാറാക്കിയേക്കും. ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഇവ സംഘടിപ്പിക്കും.
Discussion about this post