ഡല്‍ഹി: ടി പി സെന്‍കുമാറിന്റെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേത് തന്നെയാണ് വിധി.
25000 രൂപ കോടതിചെലവ് സര്‍ക്കാര്‍ കെട്ടിവെയ്ക്കണമെന്ന് കോടതി പറഞ്ഞു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്നറിയാമെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
വിധിക്കെതിരെ പുനഃപരിശോധനാഹര്‍ജിയും വ്യക്തത ആവശ്യപ്പെട്ട ഹര്‍ജിയും ഫയല്‍ ചെയ്ത കാര്യം അറിയിച്ചെങ്കിലും സർക്കാർ വാദം കോടതി കേട്ടില്ല.
സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി പുറപ്പെടുവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പുനര്‍നിയമനം നടപ്പാക്കാതെ നിയമനം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു സെന്‍കുമാറിന്‍റെ ആവശ്യം. ഒപ്പം പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തു.
Discussion about this post