ഡല്‍ഹി: ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ വിദേശരാജ്യങ്ങളിലും റോഡ് നിര്‍മ്മാണം ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ. ദേശീയ പാത അതോറിറ്റി വിദേശരാജ്യങ്ങളില്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത് ചെയ്യാന്‍ ആലോചിക്കുന്നതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അറിയിച്ചത്. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാര്‍ക്ക് രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും ഇനി പങ്കെടുക്കും. ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതിനോടകം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ദേശീയ പാത നിര്‍മ്മാണത്തിലാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 387 ബില്യണ്‍ ഡോളര്‍ റോഡ് നിര്‍മ്മാണത്തിന് ചിലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദിവസേന 42 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുകയാണ് ലക്ഷ്യമിട്ടതെങ്കിലും ശരാശരി 23 കിലോമീറ്റര്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത്.
സ്ഥലമേറ്റെടുപ്പും പാരിസ്ഥിതിക അനുമതിയും കരാറുകാരുടെ മെല്ലപ്പോക്കുമാണ് ഇതിന് പ്രധാനകാരണങ്ങളെന്ന് ഗതാഗതസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞയിടെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് മറികടക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് അയല്‍രാജ്യങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ചൈന പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതില്‍ 50 ബില്യണ്‍ ഡോളറിന്റെ റോഡ് നിര്‍മ്മാണവും ഉള്‍പ്പെടുന്നു.
84 ടാങ്ക് എണ്ണസംഭരണ ശാലയും, ഒരു എണ്ണശുദ്ധീകരണശാലയും ശ്രീലങ്കയില്‍ സ്ഥാപിക്കാനുള്ള 350 മില്യണ്‍ ഡോളറിന്റെ പദ്ധതി ഇന്ത്യ നടപ്പിലാക്കി വരുകയാണ്.
Discussion about this post