കരിപ്പൂര്‍: രാജ്യത്ത് നിന്നും കാണാതായി ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കനത്തപരാജയത്തെത്തുടര്‍ന്നാണ് തിരിച്ച് പോരല്‍ എന്നാണ് സൂചന. ഈ സംശയത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങളോട് പരിശോധന കര്‍ശനമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കി.
ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തങ്ങള്‍ക്കുകീഴിലുള്ള വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഐ.ബി. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഐഎസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ നോട്ടീസ്. അതേസമയം, യു.എ.ഇ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലെ എംബസികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശനനിയന്ത്രണവും ഏര്‍പ്പെടുത്തി. പാസ്പോര്‍ട്ട് നഷ്ടമായതായി കാണിച്ച് യാത്രാരേഖകള്‍ക്ക് സമീപിക്കുന്നവരുടെ കാര്യത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം.
യുഎസ് ആക്രമണത്തെത്തുടര്‍ന്ന് ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ മേല്‍ക്കോയ്മ ഐ.എസ്സിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി പുതിയ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഐ.എസ് ശ്രമം അമേരിക്കയുടെ ഏറ്റവും വലിയ ആണവ ഇതര ബോംബ് ആക്രമണത്തിലൂടെ തകര്‍ന്നിരിക്കുകയുമാണ്. ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ എത്തിയ പ്രദേശമായ അഫ്ഗാനിലെ നാംഗര്‍ഹാറില്‍ ഈ ആക്രമണത്തെത്തുടര്‍ന്ന് മലയാളികളടക്കം എത്രപേര്‍ കൊല്ലപ്പെട്ടെന്നത് ഇപ്പോഴും ദുരൂഹമാണ്. ഈ സാഹചര്യത്തില്‍ ഐ.എസ്സില്‍ ചേര്‍ന്ന അവശേഷിക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത ഏറെയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നോ ഐ.എസ് സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നോ ഇവര്‍ മടങ്ങാനുള്ള സാധ്യത വിരളമാണ്. ഗള്‍ഫ് വഴി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് മടങ്ങാനാണ് സാധ്യത.
ഐ.എസ്സില്‍ പരിശീലനം നേടി 2015-ല്‍ രാജ്യത്തെത്തിയ ഐ.എസ് ഭീകരന്‍ തൊടുപുഴ സ്വദേശി സുബ്ഹാനി 2016-ല്‍ മാത്രമാണ് പിടിക്കപ്പെട്ടത്. ഇയാള്‍ സിറിയയിലും ഇറാഖിലും ഐ.എസ്സിനുവേണ്ടി യുദ്ധം ചെയ്തശേഷമാണ് നാട്ടിലെത്തിയത്
ഇസ്താംബൂളിലെ ഇന്ത്യന്‍ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്. ഐ. എസ്സിലേക്ക് ആളെ ചേര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് അധികൃതര്‍ ഇപ്പോഴത്തെ ശ്രമം.
Discussion about this post