ഡല്‍ഹി: ചൈന ആതിഥ്യമരുളുന്ന ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കും. ഇക്കാര്യം ഇന്ത്യന്‍ വിദേശ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പാക് അധീന കശ്മീരിലൂടെ കടന്നുപോകാന്‍ ലക്ഷ്യമിടുന്ന ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതി സംബന്ധിച്ച ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി പാക് അധീന കാശ്മീര്‍ വഴി കടന്നു പോകുന്നതിലുള്ള എതിര്‍പ്പാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. കാശ്മീരിന് മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ ചൈന അംഗീകരിക്കുകയാണെന്നും അതിനാല്‍ പാക് അധീന കാശ്മീരിന്റെ കാര്യത്തില്‍ ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും പാകിസ്ഥാന്റെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക ഇടനാഴി പദ്ധതിയെ ഇന്ത്യ എതിര്‍ക്കുന്നത്. പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ വ്യക്തമാക്കിയിരുന്നത്.
ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴിക്ക് പുറമെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ തുറമുഖങ്ങളും റെയില്‍വെ ലൈനുകളും നിര്‍മ്മിക്കുന്നതിനും വൈദ്യുതി ലൈനുകള്‍ വലിക്കുന്നതിനുമാണ് ചൈന ലക്ഷ്യമിടുന്നത്. മേഖലയിലെ ഗതാഗത സൗകര്യം വര്‍ധിക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും പാക് അധീന കശ്മീരിലൂടെ സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.
റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് അടക്കം 29 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര് ഉച്ചകോടിയില്‍ പങ്കെടുക്കും.
Discussion about this post