ന്യൂഡൽഹി: പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾക്കും ജി എസ് ടി ഒഴിവാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. തലസ്ഥാനത്ത് ചേർന്ന അൻപത്തിമൂന്നാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
മിൽക്ക് കാനുകളുടെ ജി എസ് ടി 18 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി നിജപ്പെടുത്താൻ യോഗം ശുപാർശ ചെയ്തു. സ്റ്റീൽ, ഇരുമ്പ്, അലൂമിനിയം കാനുകളിൽ വിൽക്കുന്ന പാലിന് ഇതോടെ വില കുറയും.
റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റുകൾക്ക് ജി എസ് ടി ഒഴിവാക്കിയതാണ് ശ്രദ്ധേയമായ മറ്റൊരു തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഹോസ്റ്റലുകൾക്കും ജി എസ് ടി ഒഴിവാക്കി. പ്രതിമാസം 20,000 രൂപ വരെ വാടകയും മിനിമം 90 ദിവസത്തെ താമസവും വാഗ്ദാനം ചെയ്യുന്ന ഹോസ്റ്റലുകൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
2024-25 സാമ്പത്തിക വർഷത്തെ ജി എസ് ടി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു. 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ ഡിമാൻഡ് നോട്ടീസുകളിന്മേൽ 2025 മാർച്ച് 31ന് മുൻപായി കുടിശ്ശിക തീർത്താൽ പലിശയും പിഴയും ഒഴിവാക്കും.
വ്യാജ ബില്ലുകൾക്കും കടലാസ് കമ്പനികൾക്കും തടയിടാൻ പാൻ ഇന്ത്യൻ തലത്തിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. വ്യാജ രജിസ്ട്രേഷനുകൾക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്നും ധനമന്ത്രി അറിയിച്ചു.
Discussion about this post