ചെന്നൈ: ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന് ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ഇത്. ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ അടുത്ത മുന്നേറ്റം. ജൂണ്‍ രണ്ടാം വാരം ജിഎസ്എടി -19 ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ കെ. ശിവന് പറഞ്ഞു.
നേരത്തെ മെയ് മാസത്തില്‍ വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ റോക്കറ്റായതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ജൂണിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കുവാനുള്ള ശേഷി ജിഎസ്എല്‍വി മാര്‍ക്ക് 3ക്ക് ഉണ്ട്. ഭാവിയില്‍ ഇത് വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ രണ്ട് റോക്കറ്റുകളാണ് നിലവില്‍ ഇന്ത്യയ്ക്ക ഉള്ളത്. ഇവയുടെ ഭാരവാഹക ശേഷി കുറവായതിനാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ വിക്ഷേപിക്കുന്നത്.
Discussion about this post