ഡല്‍ഹി: സുപ്രിം കോടതി മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ മുസ്‌ലിങ്ങള്‍ക്കുവേണ്ടി പുതിയ വിവാഹമോചനനിയമം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്നതിന് പുതിയ നിയമം നിര്‍മിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്ഗി സുപ്രിം കോടതിയെ അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ഭരണഘടനാ ബെഞ്ചിനുമുന്നിലാണ് കേന്ദ്രത്തിനുവേണ്ടി രോത്ഗി ഇക്കാര്യം അറിയിച്ചത്.
ഇസ്‌ലാമിക രാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മുത്തലാഖ് നിരോധിച്ച് മുന്നോട്ടുനീങ്ങിയപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വിവാദപരമായ വിവാഹമോചന രീതിയുമായി മുന്നോട്ടുപോകുകയാണെന്നും രോത്ഗി കോടതിയില്‍ അഭിപ്രായപ്പെട്ടു. മുത്തലാഖിനൊപ്പം ബഹുഭാര്യാത്വം, നിക്കാ ഹാലാല എന്നിവയുടെ ഭരണഘടനാസാധുത കൂടി പരിഗണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ചേര്‍ന്നുപോകുന്നതല്ല മുത്തലാഖ് എന്നും മുസ്‌ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണമെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
Discussion about this post