കൊച്ചി: ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി പത്രം മാത്രം വരുത്തിയാല്‍ മതിയെന്ന ഉത്തരവ് വിവാദമായതോടെ കോഫി ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവ് പിന്‍വലിച്ചു. കോഫി ഹൗസിലെ മാധ്യമവിലക്കിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയത്. ഇനി മറ്റ് പ്രസിദ്ധീകരണങ്ങളും കോഫീ ഹൗസില്‍ വരുത്താമെന്നാണ് തിരുത്തിയ ഉത്തരവ്.
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മേയ് ഒന്നു മുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവ് പുറത്തിറക്കിയത് വിവാദമായിരുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനെജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടത്. സിഐടിയുവിന്റെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്.
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ദേശാഭിമാനി മാത്രം വരുത്തിയാല്‍ മതിയെന്ന തരത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ലായിരുന്നുവെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഉത്തരവ് തിരുത്തിയുള്ള കോഫി ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടി.
Discussion about this post