ബംഗളൂരു: സംസ്ഥാനം അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സർവേകൾ നടത്താനൊരുങ്ങുന്നു.
പത്തുപേരടങ്ങിയ നാലു സംഘമാണ് ബിജെപിക്കു വേണ്ടി സർവേ നടത്തുന്നത്. ഇവർ മൂന്നു ഘട്ടങ്ങളായി 224 മണ്ഡലങ്ങളിൽ സർവേ നടത്തുമെന്ന് പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ അറിയിച്ചു. ജൂലൈയിൽ നടത്തുന്ന ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കും.
സർക്കാരിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു, ഇപ്പോഴത്തെ നേതാക്കളെക്കുറിച്ച് എന്താണ് അഭിപ്രായം, ഇപ്പോഴത്തെ സർക്കാരിന്‍റെ ഭരണത്തിൽ സന്തുഷ്ടരാണോ എന്നീ ചോദ്യങ്ങളാണ് അവരോട് ചോദിക്കുന്നത്. 45 ദിവസം നീളുന്ന ഒന്നാം ഘട്ടത്തിനു ശേഷം ദേശീയാധ്യക്ഷൻ അമിത് ഷായ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഓഗസ്റ്റിൽ അമിത്ഷാ കർണാടകയിൽ വരുന്പോഴാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. സെപ്റ്റംബർ 15ന് ആരംഭിക്കുന്ന അവസാനഘട്ട സർവേയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാൻ അർഹതയുള്ള സ്ഥാനാർഥികളെ കണ്ടെത്തും. തുടർന്ന് ഈ സ്ഥാനാർഥികളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടും. ഡിസംബറിൽ മൂന്നു സർവേകളുടെയും ഫലങ്ങൾ പരിശോധിക്കുന്ന അമിത് ഷാ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അമിത് ഷായുടെ മൂന്നുഘട്ട സർവേ തന്ത്രം യുപിയിലും ഗുജറാത്തിലും ആസാമിലും ഫലംകണ്ടതാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
അതേസമയം, കോണ്‍ഗ്രസ് വളരെ നേരത്തെ തന്നെ സർവേ ആരംഭിച്ചുകഴിഞ്ഞതായി ബിജെപിക്കു മറുപടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഭരണകക്ഷി നേതാക്കളുടെ പ്രകടനത്തിൽ ജനങ്ങൾ സന്തുഷ്ടരാണോ, അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ് എന്ന് അറിയുന്നതിനാണ് സർവേ നടത്തുന്നതെന്നും ഒരു സ്വകാര്യ കന്പനിയെയാണ് സർവേ ജോലികൾ ഏൽപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post