തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജൂണ്‍ 17ന് ആലുവയിലാണ് മെട്രോ ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിനു നരേന്ദ്ര മോദി എത്തുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെ ഇന്നലെ അറിയിച്ചു.
ഇതോടെ മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും വിരാമമായി. കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെട്രോ ഉദ്ഘാടനം മെയ് 30ന് നടത്താന്‍ നിശ്ചയിച്ചതാണ് വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടത്. മേയ് 30ന് ഉദ്ഘാടനം നടക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്ര്# മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. നരേന്ദ്ര മോദിക്ക് എത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുമെന്നും കടകംപള്ളി പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഒന്നോരണ്ടോ ദിവസം വൈകിയാലും പ്രശ്നമില്ല. അദ്ദേഹത്തിനു വരാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉദ്ഘാടനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം നടക്കുമെന്നുമാണു കടകംപള്ളി പറഞ്ഞത്.
സംഗതി വിവാദമായതോടെ മുഖ്യമന്ത്രി തന്നെ പ്രസ്താവന തിരുത്തി രംഗത്തെത്തുകയും ചെയ്തു.
Discussion about this post