മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ മലയാളിയെ പൊലീസ് പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. പിതാവിന്റെ ചികിത്സയ്ക്കായി ഡല്‍ഹി വഴി ചൈനയിലേക്കു പോവാന്‍ കുടുംബസമേതം എത്തിയതായിരുന്നു ഷെഫീഖ്.
മംഗളുരുവില്‍ നിന്നു വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിയ ശേഷം അവിടെനിന്നു ചൈനയിലേക്ക് പോകാനാണ് ലക്ഷ്യമിട്ടത്. മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന അഞ്ചു വെടിയുണ്ടകള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷെഫീഖിനെ ബാജ്‌പെ പൊലീസിനു കൈമാറി.
അച്ഛന് ലൈസന്‍സുള്ള തോക്കുണ്ടെന്നും അദ്ദേഹത്തിന്റെ ബാഗ് താന്‍ എടുത്തപ്പോള്‍ വെടിയുണ്ട അബദ്ധത്തില്‍ അതില്‍പെട്ടു പോവുകയായിരുന്നുവെന്നും ഷെഫീഖ് പൊലീസിനെ അറിയിച്ചു. ഷെഫീഖിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഷെഫീഖിന് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Discussion about this post