കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ മുസ്ലിം ലീഗിലെ അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പു ഫലം വിജയ റദ്ദാക്കി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഹൈക്കോടതിയുടെ ചില മുന്കാവ വിധി ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.
1991ല്‍ എടക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ച മുന്‍കാല വിധിയാണ് സുരേന്ദ്രന് അനുകൂലമാകുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഒ ഭരതനായിരുന്നു തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 219 വോട്ടായിരുന്നു ഭൂരിപക്ഷം. തുടര്‍ന്ന് സിപിഎം വ്യാപകമായി കള്ളവോട്ടു ചെയ്തു എന്ന ആരോപണവുമായി കെ സുധാകരന് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഭരതന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും, സുധാകരനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കെ സുരേന്ദ്രന്റെ കാര്യത്തിലും ഉള്ളത്.
മരിച്ചവരും നാട്ടിലില്ലാത്തവരുമായ 259 പേര് കള്ളവോട്ട് ചെയ്തുവെന്നാണ് സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്റെ പരാതി. 89 വോട്ടിനാണ് സുരേന്ദ്രന് ഇവിടെ തോറ്റത്. കള്ളവോട്ട് നടന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. വോട്ട് ചെയ്തതായി രേഖകളില്‍ ഉള്ള ചിലര്‍ തങ്ങള്‍ വോട്ട് ചെയ്തിട്ടില്ല എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്റെ മരണ സര്‍ട്ടിഫിക്കറ്റും സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തിയിരുന്നു എന്ന് റിട്ടേണിംഗ് ഓഫീസര്‍ പി.എച്ച്.സിനാജുദ്ദീന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതിയെത്തിയതായാണ് വിവരം.
വോട്ടെടുപ്പ് ദിവസം സ്ഥലത്തില്ലാതിരുന്നിട്ടും വോട്ട് രേഖപ്പെടുത്തി എന്ന് ആരോപണമുയര്‍ന്ന മഞ്ചേശ്വരം മണ്ഡലത്തിലെ പത്ത് വോട്ടര്‍മാരോട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസയച്ചിരുന്നു. ജൂണ്‍ മാസം 8,9 തീയതികളില്‍ വോട്ടര്‍മാര്‍ നേരിട്ട് ഹാജരാവണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നുവെങ്കിലും രണ്ട് പേര് മാത്രമാണ് എത്തിയത്. ഹാജരായവരാകട്ടെ തങ്ങള്‍ വോട്ട് ചെയ്തിട്ടില്ല എന്നാണ് അറിയിച്ചത്. ഇതോടെ ഇവരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായി.
ഇതിനിടെ ഭീഷണി മൂലം മറ്റ് നാലു പേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. ഇതോടെ ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പരാതിയില്‍ പറയുന്ന ഇവരാരും തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്നും, കള്ളവോട്ട് നടന്നിട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ഹര്‍ജിയില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
ആരോപണം കോടതിയില്‍ തെളിയിക്കാനായാല്‍ അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ, തിരഞ്ഞെടുപ്പ് തന്നെ അസാധുവാക്കാനോ സാധ്യതയുണ്ട്. ഇതിനിടെ കള്ളവോട്ട് ആര്‍ക്കു ചെയ്തുവെന്ന് അറിയാന്‍ ഇവിഎമ്മില്‍ സംവിധാനമുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ബൂത്തിലെ സെക്കന്റ് പോളിo ങ് ഓഫീസര്‍ എത്തുന്ന വോട്ടറുടെ പേര് രേഖപ്പെടുത്തിയുള്ള ഈ ക്രമ നമ്പര്‍ പരിശോധിച്ചാല്‍ ഏതു സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു രേഖപ്പെടുത്തിയതെന്നു മനസിലാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അത്തരമൊരു പരിശോധന നടത്താന്‍ കോടതി അനുവദിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ഇത്തരം പരിശോധനകള്‍ ഇല്ലാതെ തന്നെ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമാകുമെന്നാണ് ചിലര്‍ പറയുന്നത്.
Discussion about this post