ന്യൂയോര്‍ക്ക്: വിദേശത്തു നിന്ന് ഏറ്റവുമധികം പണമെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഇന്ത്യ ഒന്നാമത്. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2016-ല്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത് 62.7 ബില്യണ്‍ ഡോളര്‍. കാര്‍ഷിക മേഖലയില്‍ സാമ്പത്തിക സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗമാണ് റിപ്പോര്‍ട്ടു തയാറാക്കിയത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 4.2 ശതമാനം വര്‍ധനവാണ് ഇന്ത്യക്കുണ്ടായത്.
കഴിഞ്ഞ പത്തുവര്‍ഷം വിവിധ രാജ്യങ്ങള്‍ സ്വന്തമാക്കിയ വിദേശ പണത്തിന്റെ കണക്ക് പരിശോധിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ടു തയാറാക്കിയത്. 2007 മുതല്‍ 2016 വരെയുള്ള കണക്കില്‍ ആദ്യമായി ഇന്ത്യ ശ്രദ്ധേയ സ്ഥാനത്ത് എത്തിയത് 2007-ലാണ്. ആ വര്‍ഷം ചൈനയ്ക്കു തൊട്ടു പിന്നില്‍ എത്തി ഇന്ത്യ. വിദേശത്തു നിന്ന് പണമെത്തുന്നതില്‍ ഏഷ്യയാണ് മുന്നില്‍. ആഗോളതലത്തില്‍ വിദേശപണമൊഴുക്കിന്റെ തോത് 41 ശതമാനമാണെങ്കില്‍ ഏഷ്യയിലേക്കുള്ളത് 55 ശതമാനമാണ്.
പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ അമ്പത്തൊന്നു ശതമാനം വര്‍ധിച്ചു. ആഗോളകണക്കെടുത്താല്‍ വിദേശത്തു ജോലി ചെയ്യുന്ന 200 മില്യണ്‍ പ്രവാസികള്‍ സ്വന്തം നാട്ടിലേക്കു പണമയക്കുന്നുണ്ട്. എണ്ണൂറു മില്യണ്‍ കുടുംബങ്ങള്‍ക്ക് ഈ സഹായം കിട്ടുന്നുണ്ട്.
Discussion about this post