മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പുറത്ത്.ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് പുറത്തായെങ്കിലും ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം ഇപ്പോഴും മുകേഷ് അംബാനിക്ക് തന്നെയാണ് സ്വന്തം. ലോകസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്‌ക് തന്നെയാണുള്ളത്. മസ്‌കിന്റെ ആസ്തി 82% വർധിച്ച് 420 ബില്യൺ ഡോളറിലെത്തി. ജെഫ് ബസോസ്, മാർക്ക് സക്കർബർഗ്, ജെൻസൻ ഹുവാങ് എന്നിവരാണ് പിന്നാലെയുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് മുകേഷ് അംബാനി പട്ടികയിൽ നിന്ന് പുറത്തായത്.കഴിഞ്ഞ ഒരു വർഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതാണ് ആഗോള സമ്പന്നരുടെ ആദ്യ പത്തിൽ നിന്ന് റിലയൻസ് മേധാവി പുറത്തുപോകാൻ കാരണം. 8.6 ലക്ഷം കോടി രൂപയാണ് അംബാനിയുടെ മൊത്ത ആസ്തി. കടം വർധിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ മൊത്ത ആസ്തി 8.4 ലക്ഷം കോടി രൂപയാണ്. ആസ്തിയിൽ ഒരു വർഷം കൊണ്ട് 13 ശതമാനം വളർച്ചയുണ്ടാക്കാൻ അദാനിക്കായി.
ലോകത്ത് 3442 ശതകോടീശ്വരന്മാരുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം അല്ലെങ്കിൽ 163 എണ്ണം അധികമാണ് ഇത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 284 ശതകോടീശ്വരന്മാരുടെ വാസസ്ഥലമാണ്. ഈ ലിസ്റ്റിലേക്ക് 13 പുതിയ ശതകോടീശ്വരന്മാർ കൂടി ഈ ലിസ്റ്റിലേക്ക് എത്തിയിട്ടുണ്ട്. ഏഷ്യയുടെ ബില്യണയർ തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമായിട്ടുണ്ട്. പുതിയ ലിസ്റ്റിൽ ഷാങ്ഹായ് ആണ് മുംബൈയെ പിന്തള്ളി ഒന്നാമതെത്തിയത്. 92 ബില്യണയർമാരാണ് ഷാങ്ഹായിലുള്ളത്. മുംബൈയ്ക്ക് 90 പേരുമാണുള്ളത്.









Discussion about this post