ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി ഉള്‍പ്പെടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ തീരുമാനമായി. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, ഗുജറാത്ത് മുന്‍ പ്രതിപക്ഷ നേതാവ് അര്‍ജുന്‍ മോദ്വാഡിയ, ലോക്‌സഭാ എംപി ശശി തരൂര്‍, മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ എന്നിവരെ വൈ വിഭാഗത്തിലേക്ക് മാറ്റി. നിലവില്‍ ഇവര്‍ക്ക് വൈ പ്ലസ് സുരക്ഷയാണ് ലഭിച്ചുകൊണ്ടിരുന്നത്.
മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡണ്ട് മൗലാന സയിദ് ഖല്‍ബ് സുരക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ ആന്‍ഡ് എഡബ്ല്യൂ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഗിരിജ വ്യാസ്, പ്രിയ രഞ്ജന്‍ദാസ് മുന്‍ഷി, എര്‍പിഎന്‍ സിംഗ് എന്നിവരടക്കം എട്ടുപേരെ സുരക്ഷാ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. രാജീവ് ശുക്ല എംപിയുടെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയില്‍ നിന്നും എക്‌സ് കാറ്റഗറിയിലേക്ക് മാറ്റി.
വിവിഐപിമാര്‍, വിഐപിമാര്‍, ചില കേന്ദ്ര ഉദ്യോഗസ്ഥര്‍, പ്രശസ്തര്‍, കായിക താരങ്ങള്‍ എന്നിവര്‍ക്ക് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ (എന്‍എസ്ജി), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സി.ആര്‍.പി.എഫ് എന്നിവരാണ് സുരക്ഷ നല്‍കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളും മറ്റ് സുരക്ഷാ ഏജന്‍സികളും കാലാകാലങ്ങളില്‍ വിഐപിമാരുടെ ഭീഷണി പരിശോധിക്കുകയും അവരുടെ ശുപാര്‍ശകള്‍ അനുസരിച്ച്, സുരക്ഷാ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാറുണ്ട്. Z +, Z, Y +, Y, X എന്നിവയാണ് നിലവിലുള്ള സുരക്ഷ. Z + ഏറ്റവും കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്നത്. X ഏറ്റവും കുറവുമുള്ള സുരക്ഷയും. Z + വിഭാഗത്തില്‍ 36 പേര്‍ സുരക്ഷ നല്‍കും. Z വിഭാഗത്തില്‍ 22 പേരുടെ സുരക്ഷയും നല്‍കും.
Discussion about this post