ആലപ്പുഴ: പനി മരണമല്ലെന്ന് വരുത്തി തീര്‍ത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി നല്‍കിയ വാര്‍ത്തക്കെതിരെ സിപിഎം അണികളില്‍ പ്രതിഷേധം. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് എസ്എന്‍ പുരം പുത്തന്‍വെളി ദിവാകരന്റെ മകന്‍ ജയപ്രസാദിനെ(36)യാണ് ദേശാഭിമാനി അപമാനിച്ചുവെന്നാണ് ആരോപണം.
ജയപ്രസാദിന്റെത് പനിമരണമല്ല മദ്യം ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം മൂലമുള്ള മരണമാണ് എന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഡിഎംഒയെ അധീകരിച്ചുള്ള വാര്‍ത്ത സംസ്ഥാനത്ത് പനിമരണമില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ദേശാഭിമാനിയുടെ വ്യഗ്രതയായിരുന്നുവെന്നാണ് ആക്ഷേപം.
കടുത്ത പനിയെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ജയപ്രസാദ് ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. മെനഞ്ചൈറ്റീസ് ബാധിച്ചാണ് മരണമെന്നാണ് ആശുപത്രി രേഖകളിലുള്ളത്. വ്യാഴാഴ്ച സിപിഎം മുഖപത്രം ഉള്‍പ്പടെ എല്ലാ പത്രങ്ങളിലും ജയപ്രസാദ് പനി ബാധിച്ചു മരിച്ചു എന്നാണ് വാര്‍ത്ത വന്നത്.
ആശുപത്രി രേഖകളിലും, മരണ സര്‍ട്ടിഫിക്കറ്റിലും മരണ കാരണം മെനഞ്ചൈറ്റീസ് ആണെന്ന് വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടിപത്രം മരിച്ച യുവാവിനെ മദ്യത്തിനടിമയാക്കി ചിത്രീകരിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജയപ്രസാദിന്റെ സഹോദരന്‍ വിപിന്‍ദാസ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മറ്റും കുടുംബാംഗങ്ങള്‍ സജീവ സിപിഎം പ്രവര്‍ത്തകരുമാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട, മരിച്ചയാളെയും കുടുംബത്തെയും അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയപ്രസാദിന്റെ വീട്ടുകാര്‍ പറയുന്നു.ടിപ്പര്‍ ഡ്രൈവറായിരുന്ന ജയപ്രസാദ് മദ്യത്തിനടിമയ്യല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post