തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പി ടി തോമസ് എം.എല്‍.എയുടെ കത്ത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ രംഗത്തെത്തിയത്.
പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയ സംഭവങ്ങള്‍ വെളിച്ചത്തു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന സ്ഥിതിയാണുള്ളത്. കേസ് വീണ്ടും സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നത് വസ്തുതകള്‍ പുറത്തു വരാന്‍ ഉപകരിക്കുമെന്ന് കരുതുന്നില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണം.
കേസിലെ പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തത്. എന്നാല്‍ പുറത്തു നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീനവും സൗകര്യങ്ങളും പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്നുണ്ട്. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇതിന് കൂടുതല്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും തോമസ് പറഞ്ഞു.
Discussion about this post