ജിഎസ്ടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഹൃസ്വകാലത്തില്‍ തളര്‍ത്തുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഇരട്ട അക്കം കടന്ന് മുന്നോട്ടുപോകുമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ ഇത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും പ്രധാനം ജിഎസ്ടി എത്ര ഫലപ്രദമായി നടപ്പാക്കുന്നു എന്നുള്ളതാണ്. പരമാവധി ഇടപാടുകള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ വിജയിക്കുകയും മാറ്റത്തിന്റെ കാലത്ത് കൊള്ളലാഭമെടുക്കാന്‍ ശ്രമിക്കുന്നവരെ കൃത്യമായി പിടികൂടുകയും ചെയ്താല്‍ ജിഎസ്ടി രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
നടപ്പു സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും പറയുന്നത്. ജിഎസ്ടിയെക്കുറിച്ചുള്ള അറിവില്ലായ്മയും തയ്യാറെടുപ്പുകളിലെ പോരായ്മകളുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.2-7.5% വളര്‍ച്ച നേടുമെന്നുള്ള പ്രവചനങ്ങളിലൊന്നും പക്ഷേ, ജിഎസ്ടിയുടെ സ്വാധീനം കണക്കിലെടുത്തിട്ടില്ല. ജിഎസ്ടി നടപ്പിലാക്കിയ രാജ്യങ്ങളുടെ ചരിത്രവും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. ആദ്യഘട്ടത്തില്‍ ചെറിയൊരു തളര്‍ച്ച, പിന്നെ സുഗമമായ വളര്‍ച്ച. ചില രാജ്യങ്ങളില്‍ ജിഎസ്ടി നടപ്പാക്കിയതിനു തൊട്ടുപിന്നാലെ പണപ്പെരുപ്പവും ഉണ്ടായി. ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആദ്യ കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ടായി. പക്ഷേ, ദീര്‍ഘകാലത്തില്‍ ജിഎസ്ടി ഈ രാജ്യങ്ങള്‍ക്കെല്ലാം നേട്ടമാണ് സമ്മാനിച്ചത്. മലേഷ്യയില്‍ 2015-ല്‍ ആണ് ജിഎസ്ടി നടപ്പാക്കിയത്. അവിടെ തൊട്ടടുത്ത അര്‍ധ വര്‍ഷത്തെ വളര്‍ച്ച 4.9 ശതമാനത്തില്‍ നിന്ന് 4% ആയി കുറഞ്ഞു. സിംഗപ്പൂരില്‍ വാര്‍ഷിക വളര്‍ച്ച 10.2 ശതമാനത്തില്‍നിന്ന് 6.9 ശതമാനമായി കുറഞ്ഞു. ഓസ്‌ട്രേലിയയിലും കാനഡയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കാനഡയിലും മലേഷ്യയിലുമുണ്ടായ സാമ്പത്തിക തളര്‍ച്ചയ്ക്ക് മറ്റുപല കാരണങ്ങളുമുള്ളതായും പറയുന്നു. 2008ലെ മാന്ദ്യത്തിനു തൊട്ടുമുന്‍പാണ് കാനഡ ജിഎസ്ടി നടപ്പാക്കിയത്. 2015ല്‍ ചരക്കുകളുടെ വില ഇടിഞ്ഞ കാലത്താണ് ഓസ്‌ട്രേലിയ ജിഎസ്ടി നടപ്പാക്കിയത്.
ഹൃസ്വകാല കോട്ടം ഇന്ത്യയിലുമുണ്ടാകുമെന്നുതന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പുതിയ സംവിധാനവുമായി മിക്ക കച്ചവടക്കാരും പരിചയപ്പെട്ടിട്ടില്ല. ബിസിനസ് മേഖലയില്‍ ചെറിയൊരു സ്തംഭനാവസ്ഥയ്ക്ക് കുറച്ചുകാലത്തേക്കെങ്കിലും ജിഎസ്ടി കാരണമാകാം. ജിഎസ്ടി ചില ഉത്പന്നങ്ങള്‍ക്കു വില കൂട്ടുമെന്ന പേടിയില്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനായി കച്ചവടക്കാര്‍ ഡിസ്‌കൗണ്ട് സെയിലും നടത്തുന്നു. ആവശ്യമുള്ള സാധനങ്ങള്‍ കരുതിവയ്ക്കുന്ന ഉപയോക്താവ് കുറച്ചുകാലത്തേക്ക് വിപണിയില്‍നിന്നു മാറിനില്‍ക്കാം. അത് കച്ചവട മാന്ദ്യത്തിനു വഴിവയ്ക്കും. അതുപക്ഷേ, ഒന്നോ രണ്ടോ ത്രൈമാസത്തേക്കു മാത്രമുള്ള പ്രതിഭാസമാകും. ജിഎസ്ടി നടപ്പാക്കിയതിനു തൊട്ടുപിന്നാലെ കാനഡയിലും ഓസ്‌ട്രേലിയയിലും പണപ്പെരുപ്പമുണ്ടായി. പക്ഷേ, മലേഷ്യ പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചു. ഇന്ത്യ ജൂലൈ ഒന്നിനു ശേഷമുള്ള കാലത്തെ എങ്ങനെ നേരിടുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയില്‍ ജിഎസ്ടിയുടെ വിജയം.
ദീര്‍ഘകാലത്തില്‍ 2മുതല്‍ 2.5% വരെ അധിക സാമ്പത്തിക വളര്‍ച്ച ജിഎസ്ടി സംഭാവന ചെയ്യുമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ടാക്‌സ് ഘടന ലളിതമാകുകയും കൂടുതല്‍ ആള്‍ക്കാര്‍ ടാക്‌സ് പരിധിയിലെത്തുകയും ചെയ്യുന്നത് വളര്‍ച്ചയ്ക്ക് സഹായകമാകും. അജ്ഞതമൂലം തല്‍ക്കാലം അസംഘടിത മേഖല വിട്ടുനിന്നാലും ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യാതെ ദീര്‍ഘകാല കച്ചവടം അവര്‍ക്കു സാധ്യമല്ല. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ കച്ചവട ശൃംഖലയിലെ എല്ലാ കണ്ണികളും ജിഎസ്ടിയില്‍ ഉണ്ടാകണം. ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സ്വാഭാവികമായും നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ ബിസിനസില്‍നിന്ന് പുറത്താകും. അതുതന്നെയാകും ജിഎസ്ടിയുടെ വിജയവും വളര്‍ച്ചയ്ക്ക് രാസത്വരകവുമാകുക.
Discussion about this post