മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ഒരിക്കല്‍പ്പോലും താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി സിബിഐയുടെ റിപ്പോര്‍ട്ട്. മല്യയേയും മറ്റ് 10 പേരെയും പ്രതികളാക്കിയ കേസിന്റെ അനുബന്ധ കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം പരാമര്‍ശിക്കുന്നത്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ്, യുണൈറ്റഡ് ബ്രുവറീസ്, വിജയ് മല്യ എന്നിവര്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ലോണുകള്‍ നേടിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെയാണ് മല്യ ലോണുകള്‍ തരപ്പെടുത്തിയതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
2009-ല്‍ വിവിധ ബാങ്കുകളില്‍ നിന്നായി വിജയ് മല്യ 4,998.5 കോടി രൂപ ലോണെടുത്തിരുന്നു. ഇതുകൂടാതെ മല്യ 2,500 കോടി രൂപയുടെ ലോണിന് അപേക്ഷ നല്‍കിയിരുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി എടുത്ത ലോണ്‍ മല്യ വകമാറ്റി ചെലവഴിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
”കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിക്ഷേപിക്കാനെന്ന വ്യാജ അവകാശവാദം ഉന്നയിച്ചാണ് മല്യ ലോണുകള്‍ നേടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി” കുറ്റപത്രം പറയുന്നു. ലോണിന് അപേക്ഷിക്കുമ്പോള്‍ മല്യ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് നിലവിലുണ്ടായിരുന്ന മൂല്യത്തേക്കാള്‍ കൂടുതല്‍ അവകാശപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നടപടികളുമായി മുന്നോട്ടു വന്നതോടെ മല്യ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
Discussion about this post