തിരുവനന്തപുരം: കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ജിഎസ്ടി പ്രഖ്യാപന സമ്മേളനം ബഹിഷ്‌ക്കരിക്കുമെങ്കിലും മുന്‍ ധനമന്ത്രി കെ.എം മാണിയും മകന്‍ ജോസ് കെ മാണിയും പങ്കെടുക്കും. എല്ലാവരോടും മൃദുസമീപനമാണുള്ളതെന്നും അത് ബി.ജെ.പിയോടുമുണ്ടെന്നും കെ.എം മാണി ബി.ജെ.പി ബന്ധത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ജി.എസ്.ടി വിഷയത്തില്‍ പ്രതിപക്ഷം പൊതുസമീപനമെടുക്കേണ്ടിയിരുന്നു. പക്ഷെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും അതുണ്ടായില്ലെന്നും അവര്‍ മുന്‍കൈ എടുത്തില്ലെന്നും മാണി പറഞ്ഞു.
ജി.എസ്.ടി ഉന്നതാധികാര സമിതി മുന്‍ ചെയര്‍മാനെന്ന നിലയിലാണ് കെ.എം മാണിയെ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹവും കേരള കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാരും ചടങ്ങില്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി ബന്ധത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം.
ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നില്‍ക്കുന്ന മാണി ചടങ്ങില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രീയ മാനങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങിലും മാണി പങ്കെടുത്തിരുന്നു. ചടങ്ങില്‍ റോസാപ്പൂവിനേക്കാള്‍ മനോഹരമാണ് താമരപ്പൂ എന്ന് മാണി പറഞ്ഞതും ചര്‍ച്ചയായി.
Discussion about this post