ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് കണക്കെടുക്കണമെന്ന് സുപ്രീംകോടതി. അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോടതി അറിയിച്ചു
ഇക്കാര്യം അമിക്കസ് ക്യൂറിയും രാജകുടുംബവും ആലോചിച്ച് തീരുമാനിച്ച ശേഷം കോടതിയെ അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇതിന് പുറമെ ക്ഷേത്ര സുരക്ഷയ്ക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കാന്‍ ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വജ്രാഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചത്. വജ്രാഭരണങ്ങള്‍ കാണാതായത് സംബന്ധിച്ച് സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും അമിക്കസ്ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അമിക്കസ്ക്യൂറിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പോലീസ് അന്വേഷണം തുടരട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു.
Discussion about this post