തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അനുകൂലമായി കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമോ? യുഡിഎഫ് പക്ഷത്ത് നിന്ന് ചില എംഎല്‍എമാര്‍ റാം കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്യുമോ..ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. ആറ് യുഡിഎഫ് എംഎല്‍എമാരെ ബിജെപി വോട്ടു തേടി സമീപിച്ചുവെന്ന വാര്‍ത്തകളാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
ഒ രാജഗോപാലിന്റെ ഒരു വോട്ട് മാത്രമേ റാം കോവിന്ദിന് ഉറപ്പായി ലഭിക്കുകയുള്ളു. എന്നാല്‍കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപി നീക്കം തുടങ്ങി. ആറ് യുഡിഎഫ് എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്ന വാര്‍ത്ത ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രയോഗിച്ച രീതിയില്‍ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കി വോട്ട് നേടാനുള്ള രീതിയാണ് ബിജെപി കേരളത്തില്‍ എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ആറ് എംഎല്‍എമാരുമായി സംസാരിച്ചതായി ബിജെപിയുടെ മുതിര്‍ന്ന ഭാരവാഹി സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു സ്വതന്ത്ര്യ എംഎഎല്‍എയും യുഡിഎഫ് എംഎല്‍എമാരുമാണ് ഉള്ളത്.
കേരളത്തിലും, പോണ്ടിച്ചേരിയിലും തന്റെ തെരഞ്ഞെടുപ്പ് പ്രചരണം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒഴിവാക്കിയിരുന്നു. അതേ സമയം ബിജെപിയുടെ ഒരു മുതിര്‍ന്ന ജനറല്‍ സെക്രട്ടറിയാണ് കേരളത്തില്‍ നിന്നും കൂടുതല്‍ വോട്ട് നേടാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രാജഗോപാലിന് പുറമേ ചില വോട്ടുകള്‍ ലഭിച്ചാല്‍ സംസ്ഥാനത്ത് ബിജെപിക്ക് രാഷ്ട്രീയമായി അത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇതിനകം തന്നെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരകുമാറിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതേ സമയം ത്രിപുരയിലും ബംഗാളിലും തൃണമൂലിന്റെ ചില എംഎല്‍എമാരുടെ വോട്ട് ബിജെപി ഉറപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നീക്കം കേരളത്തിലും ബിജെപി പ്രതീക്ഷിക്കുന്നു. ചില എംഎല്‍എമാര്‍ ഉടന്‍ യുഡിഎഫില്‍ നിന്ന് ബിജെപിയിലേക്ക് എത്തുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇതിന് മുന്നോടിയാകും രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍.
ഇത്തരം റിപ്പോര്‍ട്ടുകള്‍ യുഡിഎഫും ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് ഒരു വോട്ട് പോലും റാം കോവിന്ദിന് അനുകൂലമായി ചോരില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
Discussion about this post