ഡല്‍ഹി: യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് സ്ഥീരികരിച്ച് യെമന്‍ സര്‍ക്കാര്‍. ടോം ഉഴുന്നാലിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും യെമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയാണ് യെമന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍മാലിക് അബ്ദുല്‍ജലീല്‍ അല്‍-മെഖാല്‍ഫി ഇക്കാര്യം അറിയിച്ചത്.
2016 ഏപ്രിലിലാണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. യെമന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചിരിന്നു. തുടര്‍ന്നാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ ഉഴുന്നാല്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം ഉറപ്പ് നല്കി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ വെച്ചാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഫാ ഉഴുന്നാലിന്റെ മോചനമുള്‍പ്പടെ വിവിധ വിഷയങ്ങളും സഹകരണവും ചര്‍ച്ച ചെയ്തു.
ഈ വര്‍ഷം മേയില്‍ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലില്‍, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികില്‍സ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു.
നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേര് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post